CMDRF

ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, സർക്കാർ രൂപീകരിച്ചതിന് ശേഷം യു.സി.സി കൊണ്ടുവരുമെന്ന് ധാമി പ്രതിജ്ഞയെടുത്തിരുന്നു

ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്
ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡി​ന്‍റെ അന്തിമ റൂൾബുക്ക് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് ഉടൻ മാറുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ‘ഈ നിയമം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണ്. അത് ആരെയും ലക്ഷ്യമിടുന്നതല്ല. എല്ലാ ജാതിയിലും സമുദായത്തിലും പെട്ടതാണ് സർക്കാർ. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് ഉണ്ടാകുക എന്നതാണ് ഏക ആശയം -ധാമി ഡെറാഡൂണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

400 പേജുള്ള റൂൾബുക്കിൽ വിവാഹവും വിവാഹമോചനവും, ലിവ്-ഇൻ ബന്ധങ്ങൾ, ജനനവും മരണവും, അനന്തരാവകാശം എന്നിങ്ങനെ നാല് വകുപ്പുകളുണ്ടെന്ന് ധാമി പറഞ്ഞു.‘യു.സി.സി ഫലപ്രദമായി നടപ്പാക്കാൻ ഞങ്ങൾ ഉടൻ മന്ത്രിസഭാ യോഗം ചേർന്ന് അംഗീകാരം തേടും. കാബിനറ്റ് അംഗങ്ങൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ അതിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

Also Read: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയം; മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി മന്ത്രിമാർ

സാധാരണക്കാരനു പോലും ഞങ്ങൾക്ക് നിർദേശങ്ങൾ അയക്കാൻ കഴിയും. അതുവഴി ഇത് പതിവായി അവലോകനം ചെയ്യാനും പ്രാബല്യത്തിൽ വന്നതിനു ശേഷവും മെച്ചപ്പെടുത്താനുമാവും. എന്നിരുന്നാലും, സർക്കാർ റൂൾബുക്ക് പരസ്യമാക്കില്ലെന്നും ധാമി പറഞ്ഞു.‘ ഈ ആവശ്യത്തിനായി നിരവധി അധിക ജീവനക്കാരെ ഞങ്ങൾക്ക് ആവശ്യമുണ്ട്. നിയമം കൃത്യമായും ശരിയായ സ്പിരിറ്റിലും നടപ്പാക്കാൻ അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്.

ഇത് മലയോര മേഖലയിലെ നിരവധി ആളുകളുടെ ജീവിതം എളുപ്പമാക്കും. സർക്കാർ ഓഫിസുകളിലെ അവരുടെ പല ആവശ്യങ്ങളും നേരിട്ട് സന്ദർശിക്കാതെ തന്നെ പരിഹരിക്കപ്പെടും. വീട്ടിലിരുന്ന് ഓൺലൈൻ സൗകര്യത്തിലൂടെ നേടാനാവും. ഇതിനായി മൊബൈൽ ഫോൺ ആപ്പും തയ്യാറാക്കിയിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം സമൂഹം യു.സി.സി തങ്ങളെ ലക്ഷ്യമിട്ട് അവരുടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശ നിയമം എന്നിവയിൽ ഇടപെടാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ആശങ്ക ഉന്നയിക്കുന്നതിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ,

Also Read: വിസ്താര എയർലൈൻസിന്റെ ഡൽഹി-ലണ്ടൻ വിമാനത്തിന് ബോംബ് ഭീഷണി

യു.സി.സി സ്ത്രീകളുടെ ശാക്തീകരണത്തിനും സുരക്ഷക്കും ആവശ്യമാണെന്നും രാജ്യത്തെ ജനങ്ങളെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകൾ മാത്രമാണ് നിയമത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്നും ധാമി പ്രതികരിച്ചു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, സർക്കാർ രൂപീകരിച്ചതിന് ശേഷം യു.സി.സി കൊണ്ടുവരുമെന്ന് ധാമി പ്രതിജ്ഞയെടുത്തിരുന്നു.

കഴിഞ്ഞ വർഷം അദ്ദേഹം ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ‘വിധാൻസഭയിൽ’ നിന്ന് ഒരു ഓർഡിനൻസ് രൂപത്തിൽ അതിന് അംഗീകാരം നൽകി. സർക്കാർ ഇത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച് മാർച്ചിൽ അംഗീകാരം നേടി. യു.സി.സി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശിപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ മറ്റൊരു കമ്മിറ്റിക്കും രൂപം നൽകി.

Top