യൂണിഫോം, ഷൂസ്, ബെല്‍റ്റ് തുടങ്ങിയവ സ്‌കൂള്‍ കോമ്പൗണ്ടിലും പരിസരത്തും വില്‍ക്കാന്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി ഹൈദരാബാദ് ഡിഇഒ

യൂണിഫോം, ഷൂസ്, ബെല്‍റ്റ് തുടങ്ങിയവ സ്‌കൂള്‍ കോമ്പൗണ്ടിലും പരിസരത്തും വില്‍ക്കാന്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി ഹൈദരാബാദ് ഡിഇഒ

ബൈദരാബാദ്: സ്‌കൂള്‍ കോമ്പൗണ്ടിലും പരിസരത്തും യൂണിഫോം വില്‍ക്കുന്നതില്‍ നിന്ന് മാനേജ്‌മെന്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹൈദരാബാദ്. കുട്ടികള്‍ക്കുള്ള യൂണിഫോം, ഷൂസ്, ബെല്‍റ്റ് തുടങ്ങിയവ വില്‍ക്കുന്നതാണ് തടഞ്ഞത്. വ്യാപാരികളുടെയടക്കം പരാതികളെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച ഹൈദരാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) നഗരത്തിലെ വിദ്യാഭ്യാസ ഓഫീസര്‍മാരോട് സ്വകാര്യ സ്‌കൂളുകള്‍ സ്‌കൂളില്‍ യൂണിഫോമുകളും ഷൂകളും മറ്റ് സൗകര്യങ്ങളും വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു.

2024-25 അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പര്‍ച്ചേസുകള്‍ എല്ലാം സ്വകാര്യ സ്‌കൂളുകളില്‍ ചേരുന്ന നിരവധി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇതിനകം നടത്തി കഴിഞ്ഞുവെന്നാണ് വസ്തുത. ഇത്തരം വില്‍പന നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി മണ്ഡലതല കമ്മിറ്റികള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു. സ്‌കൂളുകള്‍ വില്‍പ്പന തുടര്‍ന്നാല്‍ അത് ഡിഇഒയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. എന്നാല്‍, ഇപ്പോള്‍ രക്ഷിതാക്കളെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ സ്‌കൂളുകള്‍ പ്രേരിപ്പിക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിലെ അനിയന്ത്രിതമായ ഫീസ് വര്‍ധന തടയാന്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും തെലങ്കാന സര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

Top