CMDRF

കേന്ദ്ര ബജറ്റ് ജൂലൈ അവസാന വാരം; ചർച്ചകൾ 18ന് തുടങ്ങും

കേന്ദ്ര ബജറ്റ് ജൂലൈ അവസാന വാരം; ചർച്ചകൾ 18ന് തുടങ്ങും
കേന്ദ്ര ബജറ്റ് ജൂലൈ അവസാന വാരം; ചർച്ചകൾ 18ന് തുടങ്ങും

ഡൽഹി: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജൂലൈ അവസാന വാരം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചേക്കും. ജൂൺ 20-ന് വ്യവസായ സംഘടനകളുമായി ധനമന്ത്രി ബജറ്റിന് മുമ്പുള്ള കൂടിയാലോചനകൾ നടത്തുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

നിർമല സീതാരാമനുമായുള്ള പ്രീ-ബജറ്റ് കൂടിയാലോചനയ്ക്ക് മുന്നോടിയായി ജൂൺ 18 ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു. 2024-25 ബജറ്റ് മൂന്നാം മോദി സർക്കാരിന്റെ സാമ്പത്തിക അജണ്ട അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

സമീപഭാവിയിൽ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ് വസ്ഥയാക്കി മാറ്റുന്നതിനും 2047 ഓടെ രാജ്യത്തെ ‘വികസിത് ഭാരത്’ ആക്കി മാറ്റുന്നതിനുമുള്ള അതിവേഗ പരിഷ്‌കാരങ്ങൾക്കുള്ള നടപടികൾ സാമ്പത്തിക അജണ്ടയിൽ ഉൾപ്പെടും. 2024 സാമ്പത്തിക വർഷത്തിൽ ആർബിഐ എക്കാലത്തെയും ഉയർന്ന ലാഭവിഹിതമായ 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബജറ്റ് 2024 സംബന്ധിച്ച പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ മൂന്നാം ടേമിലെ പ്രധാന മുൻഗണനകളിൽ കാർഷിക മേഖലയിലെ സമ്മർദ്ദം കൈകാര്യം ചെയ്യുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ഉൾപ്പെടുന്നു.തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതോടെ മൊറാർജി ദേശായിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങുകയാണ് ധനമന്ത്രി. ആറ് പതിറ്റാണ്ട് മുമ്പ് ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന ദേശായി തുടർച്ചയായി ആറ് ബജറ്റുകളാണ് അവതരിപ്പിച്ചത്. തുടർച്ചയായി രണ്ട് തവണ ധനമന്ത്രിയായ ഏക വനിത കൂടിയാണ് നിർമല.

Top