ദില്ലി: നീറ്റ് പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിലുള്ള കൗൺസിലിങ് നടപടികൾ ജൂലൈ മൂന്നാം വാരത്തിന് ശേഷമേ ഉണ്ടാകൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാര്‍ത്താക്കുറിപ്പിലൂടെയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ദേശീയ മെഡിക്കൽ കമ്മീഷൻ കൗൺസിലിങിനായുള്ള തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്നും ആകെ സീറ്റുകളുടെ എണ്ണം അവർ അറിയിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വർഷവും ജൂലൈ 20 നാണ് കൗൺസിലിങ് നടത്തിയതെന്നും മന്ത്രാലയം വാർത്താ കുറിപ്പിൽ വിശദീകരിച്ചു.
എംബിബിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ റദ്ദാക്കരുതെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വ്യാപക ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും ചിലരുടെ കുറ്റകൃത്യം ലക്ഷക്കണക്കിന് സത്യസന്ധരായ വിദ്യാർത്ഥികളെ ബാധിക്കരുതെന്നാണ് നിലപാടെന്നും കേന്ദ്ര സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.