ഭുബനേശ്വർ: കേന്ദ്ര ആദിവാസിക്ഷേമ വകുപ്പ് മന്ത്രി ജുവൽ ഒറാമിന്റെ ഭാര്യ ജിംഗിയ ഒറാം (58) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒഡിഷ തലസ്ഥാനമായ ഭുബനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിലിരിക്കെ ശനിയാഴ്ച രാത്രി 10.50ഓടെയായിരുന്നു അന്ത്യം. മന്ത്രിയും ഡെങ്കിപ്പനി ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ജിംഗിയ ഒറാമിൻ്റെ നിര്യാണത്തിൽ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അനുശോചനം രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രി ആശുപത്രി സന്ദർശിച്ച അദ്ദേഹം അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കൂടാതെ ഒഡിഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ, ആരോഗ്യമന്ത്രി മുകേഷ് മഹാലിങ്, സ്പീക്കർ സുരമ പാധി, മറ്റ് ബി.ജെ.പി നേതാക്കൾ എന്നിവരും ജിംഗിയ ഓറമിന് അന്തിമോപചാരം അർപ്പിച്ചു. സംസ്കാരം സുന്ദർഗഡ് ജില്ലയിലെ ഗ്രാമത്തിൽ നടക്കുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. 1987 മാർച്ച് എട്ടിനായിരുന്നു ജുവൽ ഒറാം- ജിംഗിയ വിവാഹം.