തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ ഡാം ഭീതി പടർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹൃദയത്തിൽ ഇടി മുഴക്കം പോലെ ആണ് ഡാം നിൽക്കുന്നത്. കേരളത്തിന് ഇനി ഒരു കണ്ണീർ താങ്ങാൻ കഴിയില്ലെന്നും ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകദിന ഉപവാവും സർവമത പ്രാർഥനയും കട്ടപ്പന ചപ്പാത്തിൽ തുടങ്ങി. മുല്ലപ്പെരിയാര്‍ ഡാം വിഷയത്തിൽ ആളുകളെ തെരുവിൽ ഇറക്കിയുള്ള പരസ്യ പ്രതിഷേധത്തിന് ആലോചനയില്ലെന്ന് മുൾപ്പെരിയാർ സമര സമിതി അറിയിച്ചു.
സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരസമിതിക്കൊപ്പം മതസാമുദായിക സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് കേരളത്തിന്‍റെ ഒറ്റക്കെട്ടായ ആവശ്യമാണെന്ന് സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുള്ള പ്രസംഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടക്കുന്നുണ്ട്. കോടതിക്ക് പുറത്തുവച്ചും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ശ്രമം തുടരുകയാണ്. നിലവിൽ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ ആശങ്ക ഉണ്ടാക്കുന്ന പ്രചരണങ്ങൾ പാടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.