ബീഹാറില്‍ 17 ദിവസത്തിനിടെ 12 പാലം തകര്‍ന്നുവീണത് മഴക്കാലം ആയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി

ബീഹാറില്‍ 17 ദിവസത്തിനിടെ 12 പാലം തകര്‍ന്നുവീണത് മഴക്കാലം ആയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി
ബീഹാറില്‍ 17 ദിവസത്തിനിടെ 12 പാലം തകര്‍ന്നുവീണത് മഴക്കാലം ആയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി

പട്‌ന: ബീഹാറില്‍ കഴിഞ്ഞ 17 ദിവസത്തിനിടെ 12 പാലങ്ങള്‍ തകര്‍ന്നുവീണതിന് കാരണം മഴയാണെന്ന വാദവുമായി ബിഹാറുകാരനായ കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി. ‘ഇത് വര്‍ഷകാലമാണ്. അസാധാരണ തോതില്‍ മഴ പെയ്തതാണ് പാലങ്ങള്‍ തകരാന്‍ കാരണം’ -എന്നിങ്ങനെയായിരുന്നു ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ മാഞ്ചിയുടെ പ്രതികരണം.

ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. നിര്‍മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് തകര്‍ച്ചക്ക് കാരണമെന്ന ആക്ഷേപമുയരുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ ഇത്തരത്തിലുള്ള വാദം.

അതേസമയം, ബിഹാറിലെ അപകടാവസ്ഥയിലുള്ള പാലങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജിയെത്തിയിട്ടുണ്ട്. അഭിഭാഷകനായ ബ്രജേഷ് സിങ്ങാണ് ഹരജി സമര്‍പ്പിച്ചത്.

സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചംബാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലാണ് പാലങ്ങള്‍ തകര്‍ന്നുവീണത്. ഇതോടെ പഴയ പാലങ്ങളെല്ലാം പരിശോധിക്കാനും അടിയന്തര അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്താനും മുഖ്യമന്ത്രി നിതീഷ് കുമാര്‍ റോഡ് നിര്‍മാണ വകുപ്പിനോടും റൂറല്‍ വര്‍ക്‌സ് വിഭാഗത്തോടും നിര്‍ദേശിച്ചിട്ടുണ്ട്.

Top