സ്മൃതി ഇറാനി വയനാട്ടില്‍; കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കും

സ്മൃതി ഇറാനി വയനാട്ടില്‍; കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കും
സ്മൃതി ഇറാനി വയനാട്ടില്‍; കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കും

വയനാട്: വയനാട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11-നാണ് പത്രിക സമര്‍പ്പണം. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നല്‍കിയതിന് ശേഷം കളക്ട്രേറ്റില്‍ മാധ്യമങ്ങളെ കാണും.

ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചത്. ‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ ശ്രീമതി. സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’, കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഇതുവരെ 143 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് ഇന്നലെയായിരുന്നു. 87 സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്.

ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രികകള്‍ സമര്‍പ്പിക്കാന്‍ കഴിയും. പലരും ഒന്നിലേറെ പത്രികകളാണ് സമര്‍പ്പിച്ചത്. ആകെ 234 പത്രികളാണ് ഇതുവരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് കൊല്ലത്തും തൃശൂരുമാണ്. ഏറ്റവും കുറവ് നടന്നത് പത്തനംതിട്ടയിലാണ്. ഇന്നലെ മാത്രം 152 പത്രികകളാണ് സമര്‍പ്പിച്ചത്.

Top