ദില്ലി: പാരീസ് ഒളിംപിക്‌സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ലോക്‌സഭയില്‍ പ്രസ്താവനയുമായി കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. 100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതെന്നും ഇക്കാര്യത്തില്‍ ഐഒഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു. സംഭവത്തിന് പിന്നാലെ പിടി ഉഷയോട് പ്രധാനമന്ത്രി സംസാരിച്ചു. ഉചിതമായ നടപടി എടുക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.
ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍, യുണൈറ്റഡ് വേള്‍ഡ് റെസ്ലിങിനൊപ്പം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിനേഷിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം പരിശീലനത്തിന് അയച്ചിരുന്നുവെന്നും കായിക മന്ത്രി പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ഇതിനിടെയും വിനേഷ് ഫോഗട്ടിന് നല്‍കിയ സഹായങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി വിവരിച്ചു. പേഴ്‌സണല്‍ സ്റ്റാഫിനെ അടക്കം എല്ലാ സൗകര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നും വിനേഷ് ഇന്ത്യയുടെ അഭിമാന താരമാണെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു.
എന്തുകൊണ്ടാണ് വിനേഷിന് അയോഗ്യയാക്കിയതെന്നതില്‍ വിശദീകരണമില്ലെന്നും കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം തൃപ്തികരമല്ലെന്നും വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭയില്‍ ഷാഫി പറമ്പില്‍ വിനേഷ് ഫോഗട്ട് വിഷയം ഉന്നയിച്ചു. കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഷാഫി പറമ്പില്‍ എംപി രംഗത്തെത്തി. നല്‍കിയ സൗകര്യത്തിന്റെ കണക്ക് നിരത്തേണ്ടത് ഇന്നല്ലെന്നും ഇന്ന് വിനേഷിന് പിന്തുണ അറിയിക്കേണ്ട ദിവസമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എന്തുതന്നെയായാലും വിനേഷ് ഫോഗട്ട് ഇന്ത്യയുടെ ധൈര്യശാലിയായ സുവര്‍ണ പുത്രിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.