CMDRF

വിദേശവിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു; അറ്റ്ലാൻ്റിക് കാനഡ സർവ്വകലാശാലകൾ ആശങ്കയിൽ

വിദേശവിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു; അറ്റ്ലാൻ്റിക് കാനഡ സർവ്വകലാശാലകൾ ആശങ്കയിൽ
വിദേശവിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു; അറ്റ്ലാൻ്റിക് കാനഡ സർവ്വകലാശാലകൾ ആശങ്കയിൽ

ഹാലിഫാക്സ് : അടുത്ത അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദേശ വിദ്യാർത്ഥി പ്രവേശനത്തിലെ എണ്ണം കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കയിൽ അറ്റ്ലാൻ്റിക് കാനഡയിലെ സർവകലാശാലകൾ. അറ്റ്ലാൻ്റിക് കനേഡിയൻ സർവ്വകലാശാലകളിലെ ഏകദേശം 30 ശതമാനം വിദ്യാർത്ഥികളും രാജ്യത്തിന് പുറത്ത് നിന്നുള്ളവരാണ്. ഫെഡറൽ ഗവൺമെൻ്റ് ഏർപ്പെടുത്തിയ പരിധിയാണ് ഇതിന് കാരണമായി അറ്റ്ലാൻ്റിക് സർവകലാശാലകളുടെ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ ഹാൽപിൻ പറയുന്നു. കാനഡയിൽ ഒരു ദശാബ്ദത്തിനുള്ളിൽ വിദേശ വിദ്യാർത്ഥി വീസകളുടെ എണ്ണം മൂന്നിരട്ടിയായി പത്തു ലക്ഷത്തിലധികമായതോടെ മാർച്ചിൽ, ഫെഡറൽ ഗവൺമെൻ്റ്, രാജ്യാന്തര വിദ്യാർത്ഥി പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

നോവസ്കോഷയിൽ വരാനിരിക്കുന്ന വർഷത്തേക്ക് ഇതുവരെ നാലായിരത്തിൽ താഴെ രാജ്യാന്തര വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം നൽകിയത്. കഴിഞ്ഞ വർഷം 19,900 വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി എന്നത് കണക്കാക്കുമ്പോൾ ഈ കുറവ് അറ്റ്ലാൻ്റിക് കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സാരമായി ബാധിക്കുമെന്നും പീറ്റർ ഹാൽപിൻ പറഞ്ഞു. എന്നാൽ, യഥാർത്ഥത്തിൽ പഠിക്കാൻ നോവസ്കോഷയെ തിരഞ്ഞെടുക്കുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം അതിലും കുറവായിരിക്കാമെന്നും അദ്ദേഹം പറയുന്നു. ഒക്ടോബറിൽ ഔദ്യോഗിക എൻറോൾമെൻ്റ് കണക്കുകൾ ലഭ്യമാകുമെന്ന് ഹാൽപിൻ പറഞ്ഞു.

പ്രവിശ്യയിലെ 32 സർവ്വകലാശാലകൾ, കോളേജുകൾ, സ്വകാര്യ കരിയർ കോളേജുകൾ, ഭാഷാ സ്കൂളുകൾ എന്നിവയിലായി 20,372 രാജ്യാന്തര വിദ്യാർത്ഥികൾക്കായി സീറ്റുകൾ ലഭ്യമാണ്. ഇതിൽ സിഡ്നിയിലെ കെയ്പ് ബ്രെറ്റൺ യൂണിവേഴ്സിറ്റി, ഹാലിഫാക്സിലെ സെൻ്റ് മേരീസ് യൂണിവേഴ്സിറ്റി എന്നിവയ്ക്ക് യഥാക്രമം 7,086, 2,760 സീറ്റുകൾ ലഭ്യമാണ്. ഡൽഹൗസി യൂണിവേഴ്‌സിറ്റിയിൽ വിദേശ വിദ്യാർത്ഥികൾക്കായി 1,680 സ്‌പോട്ടുകൾ ലഭ്യമാണ്.

Top