CMDRF

കാലിക്കറ്റ് സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ മാറ്റി ; 10 ജില്ലകളില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി

കാലിക്കറ്റ് സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ മാറ്റി ; 10 ജില്ലകളില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി
കാലിക്കറ്റ് സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ മാറ്റി ; 10 ജില്ലകളില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി

തിരുവനന്തപുരം/ കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്ന് (30072024) നടത്താനിരുന്ന എല്ലാ പരീക്ഷകളും മൂല്യ നിര്‍ണയ ക്യാമ്പുകളും വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം മാറ്റിവെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയില്‍ ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, സര്‍വകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല.

കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. മഴക്കാല മുന്നറിയിപ്പുകള്‍ക്ക് ആധികാരിക സ്രോതസ്സുകള്‍ മാത്രം ആശ്രയിക്കുക. അടിയന്തിര ഘട്ടങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ 1077 ഉപയോഗപ്പെടുത്തുക.

തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച അംഗന്‍വാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്കും/ കോഴ്‌സുകള്‍ക്കും അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

വയനാട് ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അംഗന്‍വാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ല കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. പി.എസ്.സി പരീക്ഷയ്ക്കും മാറ്റമില്ല.

പാലക്കാട് ജില്ലയില്‍ കനത്ത കാലവര്‍ഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍, അംഗന്‍വാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസ, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

എറണാകുളം ജില്ലയിലെ അംഗന്‍വാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശക്തമായ മഴയും കാറ്റും ഉള്ള സാഹചര്യത്തില്‍ ചൊവ്വാഴ്ച അവധി അനുവദിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി ആയിരിക്കും. കുട്ടികളുടെ സുരക്ഷയെ കരുതിയാണ് നടപടി. അംഗന്‍വാടികള്‍, മദ്രസ, കിന്‍ഡര്‍ഗാര്‍ട്ടന്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷന്‍ സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ല. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച (30.07.2024) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തേ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

Top