തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതി (കേരള എംപവര്‍മെന്റ് സൊസൈറ്റി)യിലെ ഫയലുകള്‍ കാണാനില്ല. ഉന്നതിയുടെ സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ എന്നിവയടക്കമുള്ളവയാണ് കാണാതായത്.
ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ. ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികജാതി-വര്‍ഗ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ഉന്നതി സി.ഇ.ഒ. ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോര്‍ട്ടിലുള്ളത്.2023 മാര്‍ച്ച് 16-ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ ഉന്നതിയുടെ സി.ഇ.ഒ.യായി നിയമിച്ച് ഉത്തരവിറക്കി.
ഗോപാലകൃഷ്ണന് ഔദ്യോഗികമായി ചുമതല കൈമാറാനോ, രേഖകള്‍ കൈമാറാനോ അതുവരെ സി.ഇ.ഒ. ആയിരുന്ന പ്രശാന്ത് തയ്യാറായില്ല. ഗോപാലകൃഷ്ണന് ചുമതല ഏറ്റെടുക്കാനുള്ള അനുമതിനല്‍കി ഏപ്രില്‍ 29-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയാണുണ്ടായത്.
രേഖകള്‍ ലഭിക്കണമെന്നുകാണിച്ച് പ്രശാന്തിന് കത്തുനല്‍കി. രണ്ടുമാസത്തിനുശേഷം രണ്ടു കവര്‍ മന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു. മേയ് 13 മുതല്‍ ജൂണ്‍ ആറുവരെ ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാലാണ് രേഖകള്‍ കൈമാറാന്‍ കഴിയാതെപോയതെന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍, ഈ കവറിലും ഉന്നതിയുടെ പ്രധാനരേഖകളൊന്നും ഉണ്ടായിരുന്നില്ല.
- സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ രേഖ, ഒറിജനല്‍ സര്‍ട്ടിഫക്കറ്റ്
- ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ട്രഷറി അക്കൗണ്ട് പാസ് ബുക്ക്, ചെക്ക് ബുക്ക്, ഇടപാടുവിവരം
- വെബ്സൈറ്റ് നിര്‍മിക്കുന്നതിന് ഒപ്പുവെച്ച കരാറുകള്‍
- ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ നിയമിച്ചതിന്റെയും അവരുമായുണ്ടാക്കിയ വേതനം അടക്കമുള്ള കാര്യങ്ങളിലുണ്ടായ കരാറുകള്‍ സംബന്ധിച്ച ഫയലുകള്‍
- സ്റ്റാര്‍ട്ടപ്പ് മിഷനുമായുണ്ടാക്കിയ ധാരണാപത്രം
- ഉന്നതിയുടെ ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷനുമായി ചേര്‍ന്ന് സോഹോ ഐ.ടി. കമ്പനിയുമായും മറ്റ് പ്ലാറ്റ്ഫോമുകളുമായും ഉണ്ടാക്കിയ കരാറുകള്‍
- ഉന്നതിയുടെ ഉദ്ദേശ്യലക്ഷ്യം കൈവരിക്കുന്നതിന് ടി.ഐ.എസ്.എസ്., ഐ.ഐ.എം., കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ.സി.എഫ്. ഒ.എസ്.എസ്., കേരള ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുമായുണ്ടാക്കിയ ഒറിജിനല്‍ കരാറുകള്‍
- ഉന്നതി സ്റ്റാര്‍ട്ടപ്പ് സിറ്റി ആരംഭിക്കുന്നതിനായി ഉണ്ടാക്കിയ ധാരണാപത്രം
- എസ്.സി.-എസ്.ടി. മേഖലയിലെ കേന്ദ്രഫണ്ട് നേടുന്നതിനായി തയ്യാറാക്കിയ രേഖകളും ഫയലുകളും
- നോളജ് ഇക്കണോമി മിഷനുമായിച്ചേര്‍ന്ന് പട്ടികവിഭാഗങ്ങള്‍ക്കായി പ്രത്യേകം വൈജ്ഞാനിക തൊഴില്‍ പദ്ധതി നടപ്പാക്കാനുണ്ടാക്കിയ ധാരണാപത്രം
- അംബേദ്കര്‍ ഭവനിലെ സ്റ്റാര്‍ട്ടപ്പ് സിറ്റിയുടെ കരാര്‍
- 200 സംരംഭകര്‍ക്ക് വൈദഗ്ധ്യ പരിശീലനം നല്‍കിയതിന്റെ ഫയലുകള്‍. പരിശീലനം നല്‍കിയ സ്ഥാപനത്തിന്റെ വിവരങ്ങളും ലഭ്യമല്ല
- അംഗീകൃതസ്ഥാപനങ്ങളുമായി കരാറുണ്ടാക്കി ഉന്നതി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജോലിസാധ്യത ഉണ്ടാക്കിയിട്ടുണ്ട്. കരാറിലേര്‍പ്പെട്ട സ്ഥാപനങ്ങളുടെ വിവരങ്ങള്‍, കരാറും ജോലിലഭ്യമാക്കിയതിന്റെ ഫയലുകളും