കൊച്ചി: സിനിമ നയരൂപീകരണ സമിതിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് കത്ത് അയച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. സംഘടനയുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ഫെഫ്കയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ നയരൂപീകരണ സമിതിക്ക് മുൻപാകെ അറിയിക്കാനാണ് തീരുമാനമെന്നും ബി ഉണ്ണികൃഷ്ണൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ.
ALSO READ: നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടു: രാകുൽ പ്രീത് സിംഗ്
റെഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങൾ ഉണ്ട്. നയരൂപീകരണ സമിതി അംഗമായിരുന്നാൽ തനിക്ക് അതിന് കഴിയില്ല. അതിനാലാണ് ഒഴുവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതിൽ സർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലൂസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്ന് ഉണ്ണികൃഷ്ണൻ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഫെഫ്ക ഇന്ന് രംഗത്തെത്തിയത്. ഫെഫ്കയുടെ വിശദമായ നയരേഖ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.