വാഷിങ്ടൻ: യു.എസ് മുൻ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ ഡാൻസിനെ ട്രോളി സോഷ്യൽ മീഡിയ. വെള്ളിയാഴ്ച വാഷിങ്ടൺ ഡി.സിയിൽ വെച്ചായിരുന്നു മോംസ് ഫോർ ലിബർട്ടി സംഘത്തിന്റെ വാർഷികപരിപാടിയിൽ ട്രംപ് നൃത്തം ചെയ്തത്. സ്ഥാപനത്തിന്റെ സഹസ്ഥാപകക്കൊപ്പമായിരുന്നു ട്രംപിന്റെ നൃത്തം.
ഗംഭീരമായ നൃത്തച്ചുവടുകളോടെ ട്രംപ് മോംസ് ഫോർ ലിബർട്ടി പരിപാടി അവസാനിപ്പിച്ചു. അമ്മമാർ ട്രംപിനെ സ്നേഹിക്കുന്നു. നിങ്ങൾ ഇത് പങ്കിടാൻ കമല ഹാരിസ് തീർച്ചയായും ആഗ്രഹിക്കുന്നില്ല, എന്ന കാപ്ഷനോടെയാണ് ട്രംപ് അനുകൂലികൾ വിഡിയോ എക്സിൽ പങ്കുവെച്ചത്. ഏതാനും ചിലർ ട്രംപിന്റെ നൃത്തത്തെ പ്രോത്സാഹിപ്പിച്ച് കമന്റ് ചെയ്തു.
Also Read: അമേരിക്കൻ യുദ്ധവിമാനം വീണതിലും പോര്, വ്യോമസേന തലവൻ തെറിച്ചു, യുക്രെയ്ൻ വീഴുന്നു
ട്രംപ് ജനങ്ങളുടെ പ്രസിഡന്റ് എന്നായിരുന്നു ഒരാളുടെ പ്രതികരണം. എന്നാൽ 78 കാരനായ ട്രംപിന്റെ നൃത്തച്ചുവടുകളെ ട്രോളാനും ചിലർ മറന്നില്ല. അതൊരു ഹാസ്യപരിപാടി ആയിമാറിയെന്ന് ചിലർ പരിഹസിച്ചു. നമ്മുടെ കുടുംബങ്ങളിലെ വിചിത്രനും അസ്ഥിരനുമായ അമ്മാവൻമാരുടെ ഏറ്റവും മോശമായ പതിപ്പാണ് ട്രംപ് എന്നാണ് ഒരാൾ കുറിച്ചത്.
എൽ.ജി.ബി.ടി അവകാശങ്ങൾ, വംശവും വംശീയതയും, നിർണായകമായ വംശീയ സിദ്ധാന്തം, വിവേചനം എന്നിവ പരാമർശിക്കുന്ന സ്കൂൾ പാഠ്യപദ്ധതിക്കെതിരെ വാദിക്കുന്ന അമേരിക്കൻതീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടനയാണ് മോംസ് ഫോർ ലിബർട്ടി.