എഡിജിപിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു; പി വി അന്‍വര്‍

സേനയിലെ ഒരു വിഭാഗത്തിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. അതിലെ പ്രധാന കണ്ണി അജിത്കുമാര്‍ ആണ്

എഡിജിപിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു; പി വി അന്‍വര്‍
എഡിജിപിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു; പി വി അന്‍വര്‍

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ‘എന്റെ നിലപാട് പാര്‍ട്ടിക്ക് വേണ്ടിയാണ്. സര്‍ക്കാരിനെ തകര്‍ക്കാന്‍ എം ആര്‍ അജിത്കുമാര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാറിനെതിരെ പൊലീസില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. എം ആര്‍ അജിത്കുമാര്‍ ആണ് അതിന്റെ തലവന്‍. പൊലീസിലെ ശുദ്ധീകരണത്തിന് ആണ് ശ്രമം. ആരുടെയും പിന്തുണ തേടിയിട്ടില്ല. ഞാന്‍ പോരാടുന്നത് വലിയ ഒരു വിഭാഗത്തോടാണ്’, പി വി അന്‍വര്‍ പറഞ്ഞു. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ മുന്നോട്ട് പോകും. പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഇല്ല. ദൈവത്തെയും പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും മാത്രമാണ് ഭയം. അല്ലാതെ ഒരാള്‍ക്കും കീഴ്‌പെടുകയും ഭയപ്പെടുകയും ഇല്ലെന്നും പി വി അന്‍വര്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

സേനയിലെ ഒരു വിഭാഗത്തിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. അതിലെ പ്രധാന കണ്ണി അജിത്കുമാര്‍ ആണ്. അജിത്കുമാറിന്റെ ഒന്നാം നമ്പര്‍ ശിഷ്യന്‍ ആണ് സുജിത്ദാസ്. എഡിജിപിയായി അജിത്കുമാര്‍ തുടരണോ എന്നതില്‍ അഭിപ്രായം പറയുന്നില്ല. പൊലീസ് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നില്ല. ആരെങ്കിലും ചോദ്യം ചെയ്താല്‍ കള്ളക്കേസിൽ കുടുക്കും. അതാണ് പൊലീസ് രീതി. ഇനിയും ഈ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ആവില്ല. ഇപ്പോഴും ഇത് പറഞ്ഞില്ലെങ്കില്‍ ഈ പാര്‍ട്ടിയും ഈ സര്‍ക്കാരും ഒന്നും ഉണ്ടാകില്ല. എഡിജിപിക്ക് എതിരെ അന്വേഷണം വന്നാല്‍ തെളിവുകള്‍ കൈമാറുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Also Read: ‘തോന്നിവാസം ചെയ്യുന്നവർക്ക് തങ്ങളുടെ കൂടെ സ്ഥാനം ഉണ്ടാകില്ല’: എം എം മണി

പൊലീസിലെ നെക്സസിനെതിരെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. അജിത്കുമാര്‍ ടെറര്‍ ആണ്. എന്ത് സാഡിസവും അജിത്കുമാര്‍ ചെയ്യും. എസ് പി സുജിത്ത്ദാസ് മലപ്പുറത്ത് നിരവധി നിരപരാധികള്‍ക്കെതിരെ കേസെടുത്തു. ആ കാര്യത്തില്‍ തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ട്. നാളെ എന്നെ കള്ളക്കേസില്‍ കുടുക്കുകയും ജയിലിലാക്കുകയും ചെയ്തേക്കാം. അത് നേരിടാന്‍ തയ്യാറാണ്. ഇപ്പോഴെങ്കിലും താന്‍ ഇത് ചെയ്തില്ലെങ്കില്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേർത്തു.

Top