ഉർവശിയും, പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ വന്ന ചിത്രമാണ് ഉള്ളൊഴുക്ക്. വ്യത്യസ്തമായ കഥാ പശ്ചാതലവുമായി വന്ന സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ഒടിടിയിലും ഉള്ളൊഴുക്ക് പ്രദർശനത്തിനെത്തിയിരിക്കുകയാണ്.
ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. ഉള്ളൊഴുക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഇപ്പോൾ ഒടിടിയിൽ എത്തിയത്. പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രവും കൂടി ആണ് ഉള്ളൊഴുക്ക്. ഇന്ത്യയിൽ ആകെ 4.46 കോടി രൂപയാണ് ഉള്ളൊഴുക്ക് നേടിയതെന്നാണ് സാക്നിൽക്കിന്റെ റിപ്പോർട്ട്.
കുട്ടനാടിന്റെ വെള്ളപ്പൊക്ക ദുരിതം പകർത്തിയുള്ള കഥയാണ് ഉള്ളൊഴുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. ശവമടക്ക് നടത്താൻ വെള്ളമിറങ്ങാൻ കാത്തിരിക്കുന്നവരുടെ കഥ, തീവ്ര ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് സിനിമയുടെ പ്രത്യേകത. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഷെഹ്‍നാദ് ജലാലാണ്. സംഗീതം നിർവഹിച്ചത് സുഷിൻ ശ്യാമും.
അതേസമയം മുംബൈ ആസ്ഥാനമായ സിനിസ്ഥാൻ ഫിലിം കമ്പനി നടത്തിയ പ്രശസ്‍തമായ ഒരു അഖിലേന്ത്യ തിരക്കഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയതാണ് ഫ്യൂണറൽ. ദ ഫ്യൂണറലാണ് പിന്നീട് ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിച്ച് ഉള്ളൊഴുക്കായത്. ചലച്ചിത്ര വ്യാകരണങ്ങളിലൂന്നൂമ്പോഴും പുതിയ വഴികൾ തന്റെ പ്രേക്ഷകരിലേക്ക് തുറന്നിടുന്ന ഒരു യുവ സംവിധായകനാണ് ഉള്ളൊഴുക്കിലൂടെയും വെളിപ്പെടുന്നത്. ഉർവശിക്കും പാർവതി തിരുവോത്തിനും പുറമേ ചിത്രത്തിൽ അർജുൻ രാധാകൃഷ്‍ണൻ വീണാ രാധാകൃഷ്‍ണൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പരത്തിപ്പറയാതെ കുഞ്ഞു കുഞ്ഞു സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളുടെ വൈകാരികത പകർത്തുകയാണ് ഉള്ളൊഴുക്കിൽ നടത്തിയിരിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നതും ക്രിസ്റ്റോ ടോമിയാണ്. ശരിക്കും ഉള്ളൊഴുക്കിലൂടെ മലയാളത്തിന്റെ ഭാവി സിനിമാ കാഴ്‍ചയെ സമ്പന്നമാക്കാൻ പോന്ന ഭാവ സംവിധായകൻ എന്ന നിലയിൽ ക്രിസ്റ്റോ ടോമി മാറി എന്നതിന് തിയറ്ററുകൾ സാക്ഷിയായിരുന്നു. എന്നാൽ മറ്റൊരു ശ്രേണിയിലുള്ളതാണ് ഉള്ളൊഴുക്കെന്ന് പ്രചരിച്ചതിനാനാലായിരിക്കാം തിയറ്ററുകളിൽ ആളെ നിറയ്‍ക്കാൻ സാധിക്കാതെ പോയത്.