യുക്രെയിന് അമേരിക്ക നല്‍കിയ സഹായം; കണക്കുകള്‍ കേട്ട് കണ്ണുതള്ളി ലോകരാജ്യങ്ങള്‍

യുക്രെയ്‌നിന് നല്‍കിയ ആയുധങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് 45.78 ബില്യണ്‍ ഡോളറും ഉള്‍പ്പെടുന്നു

യുക്രെയിന് അമേരിക്ക നല്‍കിയ സഹായം; കണക്കുകള്‍ കേട്ട് കണ്ണുതള്ളി ലോകരാജ്യങ്ങള്‍
യുക്രെയിന് അമേരിക്ക നല്‍കിയ സഹായം; കണക്കുകള്‍ കേട്ട് കണ്ണുതള്ളി ലോകരാജ്യങ്ങള്‍

2024 ഫെബ്രുവരിയില്‍ റഷ്യ യുക്രെയിന് എതിരെ സൈനിക നടപടി ആരംഭിച്ചതോടെ ഭീതിയിലായ യുക്രെയ്ന്‍ അമേരിക്കയോടാണ് സഹായം തേടിയത്. സൈനിക-ആയുധക്കരുത്തില്‍ മുന്നിലുള്ള റഷ്യയെ എതിരിടാന്‍ ഒരു കാരണവശാലും യുക്രെയിന് ആകുമായിരുന്നില്ല. റഷ്യയുടെ പടയൊരുക്കത്തിന് മുന്നില്‍ ഭയന്നുവിറച്ച സെലന്‍സ്‌കിക്ക് തങ്ങളുടെ പരിമിതമായ സൈന്യത്തെ വെച്ച് എതിരിടാനാകില്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് റഷ്യയെ എതിരിടാന്‍ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയോട് തന്നെ സഹായം അഭ്യര്‍ത്ഥിച്ചത്. നാറ്റോ സഖ്യങ്ങളുടെ പിന്തുണയോടെ ബൈഡന്‍ ഭരണകൂടം യുക്രെയ്‌ന് സാമ്പത്തിക സഹായവും ആയുധങ്ങളും റഷ്യയ്ക്ക് എതിരെ പോരാടാനായി നല്‍കി. ആ സഹായം ഇപ്പോഴും തുടര്‍ന്നുവരികയാണ്. ഇപ്പോള്‍ യുക്രെയിന് ഇതുവരെ നല്‍കിയ സഹായത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പെന്റഗണ്‍. അമേരിക്ക യുക്രെയിന് നല്‍കിയ ബില്യണുകളുടെ കണക്കുകള്‍ പുറത്തുവന്നതോടെ ലോകത്തിന്റെ കണ്ണുതള്ളിയിരിക്കുകയാണ്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിയാന്‍ തുടങ്ങുന്ന ബൈഡന് എതിരെ വിമര്‍ശനങ്ങളുടെ ഒരു പരമ്പരയാണ് ഉണ്ടായിരിക്കുന്നത്.

2022 ഫെബ്രുവരിയില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ചതു മുതല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് യുക്രെയ്നിന് 182.99 ബില്യണ്‍ ഡോളര്‍ അനുവദിച്ചതായി പെന്റഗണിന്റെ ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം തുകയില്‍ ഏകദേശം 131.36 ബില്യണ്‍ ഡോളര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 46.51 ബില്യണ്‍ ഡോളറും യൂറോപ്പില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നീക്കിവച്ചിട്ടുള്ളതാണ്. യുക്രെയ്‌നിന് നല്‍കിയ ആയുധങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് 45.78 ബില്യണ്‍ ഡോളറും ഉള്‍പ്പെടുന്നു. കൂടാതെ, യുക്രേനിയന്‍ പൊതുപ്രവര്‍ത്തകരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ഭരണ പരിപാടികള്‍ക്കായി 43.84 ബില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ട്, അതേസമയം 4.08 ബില്യണ്‍ ഡോളര്‍ മാനുഷിക സഹായത്തിനായി നിയുക്തമാക്കിയിട്ടുണ്ട്.

Pentagon

Also Read:മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍

റഷ്യയുടെ സൈനിക നടപടികള്‍ക്കെതിരെ യുക്രെയ്‌നിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, യുക്രെയ്‌നിലെ ജനങ്ങളെ സഹായിക്കുകയും അഭയാര്‍ത്ഥികളെയും യുദ്ധബാധിതരെയും പിന്തുണയ്ക്കുകയും ചെയ്യുക തുടങ്ങിയവയായിരുന്നു അമേരിക്കയുടെ സഹായത്തിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍.

വാഹനങ്ങള്‍, വെടിമരുന്ന്, ആയുധങ്ങള്‍, പീരങ്കികള്‍, പൊളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സൈനിക ഉപകരണങ്ങള്‍ അമേരിക്ക യുക്രെയ്നിന് നല്‍കിയിട്ടുണ്ട്. സഹായ പാക്കേജുകളില്‍ പ്രത്യേകമായി ബ്രാഡ്ലി യുദ്ധ വാഹനങ്ങളാണ് അമേരിക്ക യുക്രെയിനിന് നല്‍കിയത്. യുദ്ധക്കളത്തിലെ വേഗതയും ചടുലതയും കാരണം യുക്രേനിയന്‍ സൈന്യം അബ്രാംസ് ടാങ്കുകളേക്കാള്‍ ബ്രാഡ്‌ലിക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു. അമേരിക്കന്‍ മെയിന്റനന്‍സ് വിദഗ്ധര്‍ സുരക്ഷിത ആശയവിനിമയത്തിലൂടെയാണ് യുദ്ധ മുഖത്ത് നാശം നേരിട്ട ബ്രാഡ്‌ലിയെ പുനര്‍ജീവിപ്പിക്കുന്നത്.

Zelensky

Also Read:പുടിനുമായുള്ള സൗഹൃദം ചൈനയോടുള്ള ട്രംപിന്റെ നയത്തില്‍ പ്രതിഫലിക്കുമോ? ലോകം കാത്തിരിക്കുന്നു

അമേരിക്കന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) യുക്രെയ്നിന് 3.9 ബില്യണ്‍ ഡോളര്‍ അധിക നേരിട്ടുള്ള ബജറ്റ് പിന്തുണയായി അനുവദിച്ചു, ഇത് 2024 ഏപ്രിലില്‍ അംഗീകരിച്ച 7.84 ബില്യണ്‍ ഡോളറിന്റെ അധിക വിനിയോഗത്തിന്റെ ഭാഗമാണ്. അമേരിക്കയുടെ സാമ്പത്തിക പിന്തുണ യുക്രെയ്നിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും അവശ്യ സേവനങ്ങളും സുഗമമാക്കുന്നു. സിവില്‍ സര്‍വീസുകാര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമുള്ള ശമ്പളം, ആന്തരികമായി കുടിയിറക്കപ്പെട്ടവര്‍ക്കുള്ള സഹായം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്കുള്ള പിന്തുണ, കൂടാതെ ഭവന സബ്സിഡികള്‍ എന്നിവ ഈ ഫണ്ടിംഗില്‍ ഉള്‍പ്പെടുന്നു.

അതേസമയം, ബൈഡന്‍ ഭരണകൂടം യുക്രെയ്നിന് നല്‍കിവന്നിരുന്ന സാമ്പത്തികവും സൈനികവുമായ പിന്തുണ, ടംപിന്റെ വരവോടെ നിലയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ്, യുക്രെയിന് അമേരിക്ക നല്‍കി വരുന്ന സാമ്പത്തിക-സൈനിക സഹായത്തിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. യുക്രെയിന് ഇതുപോലെ അമേരിക്ക കൈയയച്ച് സഹായം നല്‍കിയാല്‍ അമേരിക്കയുടെ ‘യുദ്ധകലവറ കാലി’യാകുമെന്നായിരുന്നു അദ്ദേഹം പ്രചാരണത്തിനിടെ വെളിപ്പെടുത്തിയത്. അന്ന് ട്രംപിന്റെ ഈ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Joe Biden

Also Read:ട്രംപിനെ വധിക്കാൻ ഉദ്ദേശമില്ലെന്ന് ഇറാൻ പറഞ്ഞതായി റിപ്പോർട്ട്

എന്നാലിപ്പോള്‍ അമേരിക്കയുടെ തലപ്പത്തേയ്ക്കുള്ള ട്രംപിന്റെ വരവോടെ യുക്രെയ്‌നുള്ള സാമ്പത്തിക സഹായം നിലയ്ക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. അമേരിക്കന്‍ പണം ആഭ്യന്തര വിഷയങ്ങള്‍ക്കായി മാറ്റിവയ്ക്കണം എന്ന ആവശ്യത്തിനായിരിക്കും ഇനി ട്രംപ് മുന്‍തൂക്കം നല്‍കുക.
ജനുവരി 20ന് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ തന്നെ യുക്രെയ്‌ന്റെ കാര്യത്തില്‍ തീരുമാനമാകും എന്ന് ഉറപ്പായി കഴിഞ്ഞു. കാരണം അധികാരം ഏറ്റെടുത്ത ഉടന്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളായിരിക്കും ട്രംപ് ആദ്യം സ്വീകരിക്കുക. ട്രംപ് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി തല്‍സമയ ചര്‍ച്ചകള്‍ ആരംഭിച്ചേക്കാം. എന്നാല്‍ അമേരിക്കയുടെ ഈ നീക്കം യുക്രെയ്‌നിന് സാമ്പത്തികമായി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്നും വിലയിരുത്തലുണ്ട്.

റഷ്യയുമായുള്ള യുക്രെയ്‌ന്റെ യുദ്ധം അവസാനിപ്പിക്കേണ്ട ആവശ്യകത ട്രംപ് കഴിഞ്ഞ ദിവസം എടുത്തുപറഞ്ഞിരുന്നു. രക്തചൊരിച്ചില്‍ ഒഴിവാക്കേണ്ടതാണെന്നും ‘ശാശ്വത സമാധാനത്തിനുള്ള’ ശ്രമം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഇപ്പോള്‍ അമേരിക്ക യുക്രെയിന് നല്‍കിയ സാമ്പത്തിക-സൈനിക സഹായങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പെന്റഗണ്‍ പുറത്തുവിട്ടിരിക്കുന്നത്.

Biden-Zelensky

Also Read: ഹൂതികളുടെ സാങ്കേതിക മികവ് ഞെട്ടിക്കുന്നതെന്ന് അമേരിക്ക, വൻ ശക്തികൾക്കും വൻ വെല്ലുവിളി ?

അമേരിക്കയുടെ തലപ്പത്തേയ്ക്കുള്ള ട്രംപിന്റെ വരവോടെ ഇതുവരെയുള്ള സമവാക്യങ്ങള്‍ മാറുകയാണ്. ബൈഡന്റെ കാലത്തുള്ള അമേരിക്കന്‍ നയമായിരിക്കില്ല ഇനി ട്രംപിന്റെ കാലഘട്ടത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഉറപ്പായി കഴിഞ്ഞു. എല്ലാ നയങ്ങളിലും കാതലായ മാറ്റങ്ങളാണ് ട്രംപ് കൊണ്ടുവരിക. അമേരിക്കയുടെ ഈ നയമാറ്റങ്ങള്‍ ലോകത്ത് പ്രതിഫലിക്കുന്നത് ഏതുരീതിയിലായിരിക്കും എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകനേതാക്കളും.

Top