CMDRF

അന്താരാഷ്ട്ര എഐ ഉടമ്പടിയില്‍ യുഎസും ബ്രിട്ടനും; പിന്നിലെന്ത്?

അന്താരാഷ്ട്ര എഐ ഉടമ്പടിയില്‍ യുഎസും ബ്രിട്ടനും; പിന്നിലെന്ത്?
അന്താരാഷ്ട്ര എഐ ഉടമ്പടിയില്‍ യുഎസും ബ്രിട്ടനും; പിന്നിലെന്ത്?

ലിത്വാനിയയിലെ വില്‍നിയസില്‍ നടന്ന കൗണ്‍സില്‍ ഓഫ് യൂറോപ്പ് കോണ്‍ഫറന്‍സില്‍ ആദ്യത്തെ നിയമപരമായ അന്താരാഷ്ട്ര എഐ കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടന്‍ എന്നിവര്‍ ഒപ്പുവെച്ചു. മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും പോലെയുള്ള നമ്മുടെ പഴയ മൂല്യങ്ങളെ നശിപ്പിക്കാതെ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ കരാര്‍. എഐ കൂടുതലായി ഉപയോഗിക്കുന്ന ആളുകളുടെ മനുഷ്യാവകാശ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ഈ എഐ കണ്‍വന്‍ഷന്‍. എന്താണ് എഐ കരാര്‍? എങ്ങനെയാണ് ഇത് ഓഗസ്റ്റില്‍ നിലവില്‍വന്ന ഇയു എഐ നിയമത്തില്‍ നിന്ന് വ്യത്യസ്തമാകുന്നത്?

എഐ കരാറില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെ?

ജപ്പാന്‍, കാനഡ, ഇസ്രയേല്‍, ഓസ്ട്രേലിയ എന്നിവര്‍ ഉള്‍പ്പെടെ അമേരിക്ക, യുകെ, ഇയു തുടങ്ങിയ പ്രധാന എഐ ഡെവലപ്പര്‍മാര്‍ അടക്കം 57 രാജ്യങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങളായുള്ള ചര്‍ച്ചകളുടെ അന്തിമഫലമാണ് ഈ എഐ കണ്‍വെന്‍ഷന്‍. എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടസാധ്യതകളുടെ പരിഹാര മാര്‍ഗങ്ങളിലാണ് കരാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Read Also: ചൊവ്വയിൽ 20 വർഷത്തിനുള്ളിൽ നഗരം നിർമിക്കും; മസ്ക്

World Leaders Sign First Global AI Treaty

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വ്യത്യസ്തമായ ഒരു അന്താരാഷ്ട്ര സംഘടനയാണ് 1949 ല്‍ സ്ഥാപിതമായ സ്ട്രാസ്ബര്‍ഗ് ആസ്ഥാനമായുള്ള കൗണ്‍സില്‍ ഓഫ് യൂറോപ്പ്. 27 ഇയു അംഗരാജ്യങ്ങള്‍ ഉള്‍പ്പെടെ 47 രാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍.

എന്തുകൊണ്ട് എഐ കരാര്‍ ?

സ്വകാര്യത, വിവേചനം, എഐ സിസ്റ്റങ്ങളുടെ ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ വിവിധ മേഖലകളില്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് എഐ കരാര്‍ പ്രാധാന്യം നേടുന്നത്. മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും പോലെയുള്ള നമ്മുടെ ഏറ്റവും പഴയ മൂല്യങ്ങളെ നശിപ്പിക്കാതെ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ കണ്‍വെന്‍ഷന്‍ എന്നാണ് ബ്രിട്ടീഷ് നീതിന്യായ മന്ത്രി ഷബാന മഹമൂദ് അഭിപ്രായപ്പെട്ടത്.

Read Also: ചന്ദ്രനിൽ ആണവപദ്ധതിയുമായി റഷ്യ; താൽപര്യം അറിയിച്ച് ഇന്ത്യയും, ചൈനയും

പതിറ്റാണ്ടുകളായി അന്താരാഷ്ട്ര സമൂഹത്തെ നയിക്കുന്ന ജനാധിപത്യ തത്വങ്ങളെ എഐ ഇല്ലായ്മ ചെയ്യില്ലെന്ന് ഉറപ്പാക്കാനാണ് ഉടമ്പടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഐ സിസ്റ്റങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഹാനികരമോ വിവേചനപരമോ ആയ ഫലങ്ങള്‍ക്ക് കരാറില്‍ ഒപ്പിടുന്നവര്‍ ഉത്തരവാദികളായിരിക്കണമെന്നതാണ് ഉടമ്പടിയുടെ പ്രധാന ആകര്‍ഷണം. കൂടാതെ, എഐ സംവിധാനങ്ങള്‍ സ്വകാര്യതയെയും സമത്വ അവകാശങ്ങളെയും മാനിക്കണം, അതേസമയം എഐയുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ ബാധിച്ചവര്‍ക്ക് നിയമപരമായ സഹായവും കരാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എഐ കരാര്‍ പങ്കാളികള്‍ ആരൊക്കെ?

Read Also:

Council of Europe opens first ever global treaty on AI for signature

അമേരിക്ക, യുകെ, ഇയു എന്നിവയ്ക്ക് പുറമേ, അന്‍ഡോറ, ജോര്‍ജിയ, ഐസ്ലാന്‍ഡ്, നോര്‍വേ, മോള്‍ഡോവ, സാന്‍ മറിനോ, ഇസ്രയേല്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവച്ചു കഴിഞ്ഞു. അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന്‍, മെക്സിക്കോ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ കരാറിന്റെ കരട് തയ്യാറാക്കുന്നതില്‍ പങ്കാളികളായിരുന്നു, അധികം വൈകാതെ തന്നെ കരാറില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാത്തിനും ഉപരിയായുള്ള ഈ വിശാലമായ അന്താരാഷ്ട്ര പങ്കാളിത്തം കരാറിന്റെ ആഗോള പ്രാധാന്യത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

കരാര്‍ ആര്‍ക്കൊക്കെ ബാധകം?

കരാറിന്റെ ആവശ്യകത പൊതു, സ്വകാര്യ മേഖലകളിലെ എഐ സിസ്റ്റങ്ങള്‍ക്ക് ബാധകമാണ്. എഐ ഡെവലപ്പര്‍മാര്‍ തങ്ങളുടെ സംവിധാനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. ജുഡീഷ്യല്‍ സ്വാതന്ത്ര്യവും അധികാര വിഭജനവും പോലുള്ള ജനാധിപത്യ പ്രക്രിയകള്‍ എഐ ഉപയോഗത്തില്‍ വിട്ടുവീഴ്ച ചെയ്യപ്പെടരുത് എന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്.

Read Also: യുക്രെയിനിൽ നിന്നും റഷ്യയ്ക്ക് ആവശ്യമുള്ളതെല്ലാം നേടി, ഇനി സമവായം, ഇന്ത്യയ്ക്കും സുവർണ്ണാവസരം

കൂടാതെ, നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുടെ പൊതു സംവാദങ്ങളും വ്യക്തിഗത അഭിപ്രായങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കരാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങളെ ഉള്‍ക്കൊള്ളിക്കാനും, എഐ ഭരണത്തില്‍ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കാനും തുറന്ന കരാര്‍ എന്ന നിലയില്‍ ഇതിലൂടെ സാധ്യമാകും.

എഐ കരാറിന്റെ വീഴ്ചകള്‍ എന്തൊക്കെ?

USA, UK and EU to sign first AI agreement

ഇത്രയൊക്കെയാണെങ്കിലും ഉടമ്പടിയുടെ പരിധിയില്‍ ശ്രദ്ധേയമായ ചില ഇളവുകള്‍ ഉണ്ട്. ദേശീയ സുരക്ഷയ്ക്കോ ഗവേഷണ-വികസന ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്ന എഐ സംവിധാനങ്ങള്‍ മറ്റ് മേഖലകളിലെ പോലെയുള്ള സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകേണ്ട ആവശ്യമില്ല. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ നോണ്‍-ഫോര്‍-പ്രാഫിറ്റ് ലോ (ECNL) പോലെയുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ക്കിടയില്‍ ഇത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വിശാലമായ ലക്ഷ്യത്തില്‍ ‘വെള്ളം കലര്‍ത്തി’ എന്നാണ് ECNL-ലെ നിയമ വിദഗ്ധനായ ഫ്രാന്‍സെസ്‌ക ഫനൂച്ചി അഭിപ്രായപ്പെട്ടത്.

Read Also: മോദി സന്ദർശിച്ച ബ്രൂണെ സുൽത്താൻ, ലോകത്തിലെ സമ്പന്നനായ സുൽത്താൻ

ഇനിയെന്ത്?

നിയമസാധുതയുള്ള ഉടമ്പടിയായി എഐ കരാര്‍ വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും, പിഴ പോലുള്ള ശിക്ഷാപരമായ ഉപരോധങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ കരാറില്‍ ഇല്ലെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉടമ്പടി പാലിക്കുന്നുണ്ടെന്നത് പ്രാഥമികമായി മോണിറ്ററിംഗ് മെക്കാനിസങ്ങളിലൂടെ ഉറപ്പാക്കാമെങ്കിലും, നിലവിലെ പാളിച്ചകള്‍ മതിയായ നിര്‍വ്വഹണ ശക്തി നല്‍കിയേക്കില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനുകളുടെ എഐ നിയമം വിവാദമായിരുന്നു. മെറ്റാ പോലുള്ള ചില കമ്പനികള്‍ കര്‍ശനമായ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഏറ്റവും പുതിയ എഐ സേവനങ്ങള്‍ ഈ മേഖലയില്‍ പുറത്തിറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര പങ്കാളികള്‍ തയ്യാറാക്കിയ പുതിയ കരാര്‍ നിര്‍മിത ബുദ്ധിയുടെ കണ്ടുപിടിത്തങ്ങളില്‍ പോലും മാനുഷിക മൂല്യങ്ങളെ മാനിക്കുമെന്നതില്‍ ഉറപ്പ് നല്‍കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

Top