അമേരിക്കൻ നിലപാട് ഇരട്ടതാപ്പ്, ഗാസയിലെ ശവംതീനികളായ ‘കഴുകൻമാർ’

ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചേർന്ന ചർച്ചയിൽ വിട്ടുവീഴ്ചകൾക്ക് ഇരുപക്ഷവും വഴങ്ങാതെ വരുമ്പോൾ നീണ്ട പത്തു മാസത്തെ യുദ്ധത്തിന്റെ പര്യവസാനം എന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുകയാണ്

അമേരിക്കൻ നിലപാട് ഇരട്ടതാപ്പ്, ഗാസയിലെ ശവംതീനികളായ ‘കഴുകൻമാർ’
അമേരിക്കൻ നിലപാട് ഇരട്ടതാപ്പ്, ഗാസയിലെ ശവംതീനികളായ ‘കഴുകൻമാർ’

ഗാസാ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കെയ്റോ സമാധാനചർച്ചയിൽ വെടിനിർത്തൽ പ്രതീക്ഷകൾ അസ്ഥാനത്താണ്. സമാധാനചർച്ചയിൽ പുരോഗതിയുണ്ടെന്ന ഈജിപ്തിലെ മാധ്യമ വാർത്തകളെ തള്ളി ചർച്ചയിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഹമാസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചേർന്ന ചർച്ചയിൽ വിട്ടുവീഴ്ചകൾക്ക് ഇരുപക്ഷവും വഴങ്ങാതെ വരുമ്പോൾ നീണ്ട പത്തു മാസത്തെ യുദ്ധത്തിന്റെ പര്യവസാനം എന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുകയാണ്. പലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യത്തിൽ ഇസ്രായേൽ കടുംപിടുത്തം തുടരുകയാണ്. തടവുകാരെ മോചിപ്പിച്ചാൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന ഇസ്രായേൽ ആവശ്യത്തെയും ഹമാസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. റഫ ഇടനാഴിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയ ഇസ്രയേലിനെ ഇനിയും വിശ്വസിക്കാൻ ഹമാസ് ഒരുക്കമല്ല.

Gaza

ബൈഡന്റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ് ജൂലൈ രണ്ടിന് തങ്ങൾ നിലപാട് വ്യക്തമാക്കിയതെന്ന് ഹമാസ് നേതൃത്വം അറിയിച്ചു. എന്നാൽ പുതിയ ഉപാധികൾ അടിച്ചേൽപ്പിച്ച നെതന്യാഹുവാണ് ചർച്ച അട്ടിമറിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, യുദ്ധം അവസാനിപ്പിച്ച് ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പൂർണമായും പിൻവാങ്ങണമെന്ന നിലപാട് ഹമാസ് ആവർത്തിക്കുകയാണ്.

Joe Biden

കഴിഞ്ഞ ജൂണിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ നടപടി ഹമാസും യുഎന്നും അംഗീകരിച്ചിരുന്നു. പക്ഷേ ഇസ്രയേലായിരുന്നു ഉടക്കുമായി മുന്നിട്ട് നിന്നത്. ഒപ്പം ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ വകവരുത്തിയതോടെ ചർച്ചയ്ക്കുള്ള സാധ്യതകളും പൂർണമായും ഇല്ലാതായി. എന്നാൽ ഇത്തവണ അമേരിക്കയാണ് പുതിയ തന്ത്രവുമായി എത്തിയത്. ഫിലാഡൽഫി കോറിഡോറിൽ സ്ഥിരം സൈനിക സാന്നിധ്യമായിരുന്നു ഇസ്രയേലിന്റെ ആവശ്യം. ഈജിപ്ത് അതിർത്തിയിലെ ഈ പ്രദേശം സൈനിക സന്നാഹ കേന്ദ്രമാക്കുന്നതിലൂടെ ഗാസയെ പൂർണമായും വളയുകയാണ് ഇസ്രയേലിന്റെ പദ്ധതി. ഇതിനു പിന്നിൽ അമേരിക്ക ആണെന്നതിൽ തർക്കമില്ല. അമേരിക്കയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഗാസയിലെ വംശഹത്യ നീട്ടിക്കൊണ്ട് പോകാൻ അമേരിക്ക ഒത്താശ ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇസ്രായേലിനെതിരെ കടുത്ത പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ് ഇറാനും യെമനിലെ ഹൂതികളും. ദക്ഷിണ ലബനനിൽ നിന്ന് 13 സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഹിസ്ബുല്ലയുടെ വ്യാപക റോക്കറ്റാക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് ഇസ്രായേൽ ഇനിയും മുക്തമായിട്ടില്ല. കമാണ്ടർ ഫുആദ് ശുകറിന്റെ വധത്തിനുള്ള ആദ്യഘട്ട തിരിച്ചടി മാത്രമാണിതെന്നും ശത്രുവിന് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചതായും ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പറഞ്ഞു. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച ഹിസ്ബുല്ല, ലബനനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാൽ തിരിച്ചടി മാരകമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഹമാസ് തലവൻ ഇസ്മായിൽ ഹനിയ, ഹിസ്ബുല്ല സീനിയർ ജനറൽ ഫൗദ് ഷുക്കൂർ എന്നിവർ കൊല്ലപ്പെട്ടതോടെയാണ് പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായത്.

Benjamin Netanyahu

അതേസമയം, റഫ ആക്രമിക്കാതെ യുദ്ധം അവസാനിപ്പിക്കരുതെന്നാണ് ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ കക്ഷി നേതാവുമായ ഇതാമർ ബെൻ ഗിവർ നെതന്യാഹുവിനു നൽകുന്ന മുന്നറിയിപ്പ്. അല്ലാത്തപക്ഷം തങ്ങൾ നൽകുന്ന പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയും ബെഞ്ചമിൻ നെതന്യാഹുവിന് മുന്നിലുണ്ട്. റഫ ആക്രമണം ഒഴിവാക്കണമെന്ന് സഖ്യകക്ഷിയായ യുഎസ് ആവശ്യപ്പെടുമ്പോഴും തീവ്രവലതുപക്ഷ കക്ഷികളുടെ പിന്തുണയോടെ ഭരിക്കുന്ന നെതന്യാഹു അതു സ്വീകരിക്കാനാവാത്ത അവസ്ഥയിലാണ്. റഫ അടക്കം എല്ലായിടത്തുനിന്നും ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നുതന്നെയാണ് സ്വന്തം നിലനിൽപ്പിനെ ഭയക്കുന്ന നെതന്യാഹു സ്വീകരിക്കുന്ന നിലപാട്. റഫ ആക്രമണത്തിനു മുന്നോടിയായാണ് തെക്കൻ ഗാസയിൽനിന്നുള്ള സേനാ പിന്മാറ്റമെന്നു ഇസ്രയേൽ പ്രതിരോധമന്ത്രിയും വ്യക്തമാക്കിയിരുന്നു. അതിനിടെ, ഇസ്രയേലിന് ആയുധം നൽകുന്ന ജർമനിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് നിക്കരാഗ്വ നൽകിയ പരാതിയിൽ രാജ്യാന്തര കോടതിയിൽ (ഐസിജെ) വാദം തുടങ്ങി. ആയുധം നൽകുന്നതിലൂടെ ജർമനി വംശഹത്യയ്ക്കു കൂട്ടുനിൽക്കുന്നുവെന്നും ഇത് ജനീവ കൺവൻഷൻ വ്യവസ്ഥകളുടെ ലംഘനമാണെന്നുമാണ് നിക്കരാഗ്വയുടെ ആരോപണം.

Also read: അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്: മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ യൂറോപ്പിലൊതുങ്ങില്ല

കെയ്‌റോയിലെ വെടിനിർത്തൽ ചർച്ചകൾ തുടരുമ്പോഴും ഓരോ ദിവസവും ഗാസയിൽ കൂട്ടക്കുരുതി അറുതിയില്ലാതെ തുടരുകയാണ്. ദീർഘകാല വെടിനിർത്തലാണ് വേണ്ടതെന്ന ഹമാസിന്റെ ആവശ്യം ന്യായമാണ്. എന്നാൽ അതിനുമപ്പുറത്തേക്കുള്ള കാതലായ ചർച്ചകളാണ് ഉണ്ടാകേണ്ടത്. ഗാസയിലെ വംശഹത്യയിൽ നെതന്യാഹുവിനെയും വാർ ക്യാബിനറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് കടലാസിൽ ഒതുങ്ങാത്ത തരം ചർച്ചകളാണ് നടക്കേണ്ടത്.

Top