വാഷിങ്ടന്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാന്‍ പൗരനെതിരെ കുറ്റം ചുമത്തി യുഎസ് സര്‍ക്കാര്‍. ട്രംപിനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയതിനു 51 കാരനായ ഫര്‍ഹാദ് ഷാക്കേരിക്കെതിരായാണ് കുറ്റം ചുമത്തിയത്. ഷാക്കേരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാനിലാണ് ഇയാളെന്നാണു സൂചനയെന്നും യുഎസ് സര്‍ക്കാര്‍ അറിയിച്ചു. മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍, ഇറാനിലെ റവല്യൂഷണറി ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ ട്രംപിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍ സെപ്റ്റംബറില്‍ ഷാക്കേരിയോട് നിര്‍ദ്ദേശിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
ഏഴു ദിവസത്തിനുള്ളില്‍ ട്രംപിനെ കൊല്ലാനുള്ള പദ്ധതി തയാറാക്കാന്‍ ഷാക്കേരിയോട് ഇറാനിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ഏഴു ദിവസത്തെ സമയപരിധിക്കുള്ളില്‍ ട്രംപിനെ കൊല്ലാനുള്ള ഒരു പദ്ധതി താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാക്കേരി നിയമപാലകരോട് പറഞ്ഞു. അതിനാല്‍ ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി. തിരഞ്ഞെടുപ്പിനു ശേഷം ട്രംപിനെ വധിക്കാന്‍ ശ്രമിക്കുന്നത് എളുപ്പമാകുമെന്ന് ഇറാന്‍ സര്‍ക്കാര്‍ ഷാക്കേരിയോട് പറഞ്ഞു. കാരണം അദ്ദേഹം തോല്‍ക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ യുഎസില്‍ എത്തിയ അഫ്ഗാന്‍ പൗരനെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ഷാക്കേരിയെ വിശേഷിപ്പിച്ചത്. കവര്‍ച്ച കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നതിനു ശേഷം 2008ല്‍ നാടുകടത്തപ്പെട്ടു.
ഇറാന്റെ കടുത്ത വിമര്‍ശകനായ ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ കൊല്ലാന്‍ റിക്രൂട്ട് ചെയ്തതായി ആരോപിക്കപ്പെടുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയും നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ വിചാരണയ്ക്കായി കസ്റ്റഡിയിലെടുത്തു. ഇറാനിയന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെയും അഴിമതിയെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ റിവേര, ലോഡ്ഹോള്‍ട്ട് എന്നിവര്‍ക്കു 100,000 ഡോളറാണ് ഷാക്കേരി വാഗ്ദാനം ചെയ്തത്. പേരു വെളിപ്പെടുത്താത്ത മാധ്യമപ്രവര്‍ത്തകനെ മുന്‍പും ഇറാന്‍ ലക്ഷ്യമിട്ടിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.