ഹൈദരാബാദ്: അദാനി ഗ്രൂപ്പും മുൻ വൈ.എസ്.ആർ.സി.പി സർക്കാരും ഉൾപ്പെട്ട കൈക്കൂലി അഴിമതിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ സമർപ്പിച്ച കുറ്റപത്രം സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നും അത് പഠിച്ച് നടപടിയെടുക്കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു.
ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സോളാർ പവർ കരാറുകൾ തങ്ങൾക്ക് അനുകൂലമാക്കുന്ന വ്യവസ്ഥകൾക്ക് പകരമായി 250 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്ന് വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു.
Also Read: ഡൽഹിയിലെ വായുമലിനീകരണം; അതൃപ്തി അറിയിച്ച് സുപ്രീംകോടതി
‘എല്ലാ റിപ്പോർട്ടുകളും അമേരിക്ക സമർപ്പിച്ചിട്ടുണ്ട്. അത് പബ്ലിക് ഡൊമൈനിലുണ്ട്. ആരോപണങ്ങളും കുറ്റപത്രവും പഠിക്കും. അതിന്മേൽ നടപടിയെടുത്ത് നിങ്ങളെ അറിയിക്കുകയും ചെയ്യും -നായിഡു ഉറപ്പു നൽകി. അദാനി ഗ്രൂപ്പിൽനിന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന അമേരിക്കൻ അവകാശവാദത്തിൽ മുൻ വൈ.എസ്.ആർ.സി.പി ഭരണവും ആരോപണവിധേയമായിരുന്നു. തന്റെ സർക്കാർ ഈ ആരോപണങ്ങൾ പഠിച്ച് നടപടിയെടുക്കുമെന്ന് നിയമസഭയെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി നായിഡു പറഞ്ഞു.
Also Read: ചിതയില്‍ വെച്ചപ്പോള്‍ ‘മരിച്ചയാള്‍’ ഉണർന്നു; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ
മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞാൽ ഉത്തരവാദിയാക്കണമെന്ന് സഭയിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ വൈ.എസ്.ആർ കോൺഗ്രസ് തള്ളുകയും അദാനി ഗ്രൂപ്പുമായി നേരിട്ടുള്ള കരാർ നിഷേധിക്കുകയും ചെയ്തിരുന്നു.