വാഷിങ്ടണ്‍: ചെങ്കടലിലെ ചരക്കുകപ്പലുകളെ ആക്രമിക്കാനായി യെമനിലെ ഹൂത്തികള്‍ക്ക് റഷ്യം നിര്‍ദേശം നല്‍കുന്നുവെന്ന് യു.എസ്. ഹൂത്തികളെ സഹായിക്കാന്‍ റഷ്യ, രഹസ്യാന്വേഷണ സൈനിക ഉദ്യോഗസ്ഥരെ യെമനില്‍ നിയോഗിച്ചതായാണ് യു.എസിലെ സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നത്. റഷ്യയുടെ ജി.ആര്‍.യു മിലിട്ടറി ഇന്റലിജന്‍സ് അംഗങ്ങള്‍ യെമനില്‍ ഉപദേശക റോളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ചെങ്കടലിലെ വാണിജ്യകപ്പലുകള്‍ ആക്രമിക്കുന്നതില്‍ റഷ്യയുടെ പങ്ക് വ്യക്തമല്ല. എന്നാല്‍ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചരക്കുകപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് സഹായമേകാന്‍ കുറേ മാസങ്ങളായി റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം യെമനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്’, ഉദ്യോഗസ്ഥന്‍ പറയുന്നു. അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഹൂത്തികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനുള്ള ശ്രമം റഷ്യ വിപുലപ്പെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഹൂത്തികള്‍ക്ക് അത്യാധുനിക ക്രൂയിസ് മിസൈലുകള്‍ നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ തീരുമാനിച്ചിരുന്നെങ്കിലും സൗദി അറേബ്യന്‍ കീരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. പുടിന്‍ ഹൂത്തികളെ ആയുധമാക്കാനുള്ള സാധ്യതയും യു.എസ് തള്ളിക്കളയുന്നില്ല.അതേസമയം ഉക്രൈനെ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാനുള്ള യു.എസിന്റെ തീരുമാനത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള റഷ്യയുടെ ഒരു തന്ത്രമായും ഹൂത്തികളുമായുള്ള ബന്ധം കാണക്കാക്കപ്പെടുന്നുണ്ട്.
എന്നാല്‍ റഷ്യന്‍ ഉപദേഷ്ടാക്കള്‍ യെമനില്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ജൂലൈയില്‍ റഷ്യയുടെ വിദേശകാര്യമന്ത്രിയായ മിഖായേല്‍ ബൊഗ്ദാനോവ് ഹൂത്തി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാമുമായി മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.