വാഷിങ്ടൻ: കഴിഞ്ഞ വർഷം ജൂണിൽ ഖലിസ്ഥാൻ അനുകൂല ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി (റോ) മുൻ ഉദ്യോഗസ്ഥനെതിരെ അമേരിക്കയുടെ ലുക്കൗട്ട് നോട്ടീസ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ആണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മുൻ റോ ഉദ്യോഗസ്ഥനായ വികാസ് യാദവിന്റെ ഫോട്ടോകൾ സഹിതമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വിട്ടത്.
ഇന്ത്യൻ സർക്കാർ ജീവനക്കാരനായ വികാസ് യാദവ് (39), അമാനത്ത് എന്ന വികാസ് എന്നയാൾക്കെതിരെയാണ് കുറ്റം ചുമത്തിയതെന്ന് യു.എസ് നീതിന്യായ വകുപ്പ് വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യു.എസ് നീതിന്യായ വകുപ്പ് വികാസ് യാദവിനെതിരെ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. ‘വാടകക്കൊലയാളി’ ഗൂഢാലോചന വിവരം ചോർത്തിയതാണ് വധശ്രമ കേസിൽ മുൻ റോ ഉദ്യോഗസ്ഥന്റെ കുറ്റവിചാരണയിലേക്ക് നയിച്ചത്.
Also Read: കമലയെ പുകഴ്ത്തി മുൻ പ്രസിഡന്റ് ബറാക് ഒബാമ
യു.എസ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ 18 പേജുള്ള കുറ്റപത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വികാസ് യാദവ് 2023 മേയിലോ അടുത്ത മാസമോ യു.എസിൽ വെച്ച് പന്നുവിനെ കൊല്ലാനായിരുന്നു ഗുപ്ത എന്ന വാടകകൊലയാളിയെ റിക്രൂട്ട് ചെയ്തത് എന്നായിരുന്നു യു.എസ്. ആരോപണം. ഇന്ത്യയിൽ നിന്നാണ് ഇയാൾ കൊലപാതക ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
അതിനിടെ, കുറ്റപത്രത്തിൽ പറയുന്ന വ്യക്തി ഇന്ത്യൻ സർക്കാർ ജീവനക്കാരനല്ല എന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വികാസ് യാദവിനും ഗുപ്തയ്ക്കുമെതിരെ യു.എസ്. കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അമാനത്, വികാസ് എന്നീ അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വികാഷ് യാദവ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽനിന്ന് (സി.ആർ.പി.എഫ്) ഡെപ്യൂട്ടേഷനിൽ ‘റോ’യിൽ ചേർന്ന് ഇന്ത്യാ ഗവൺമെന്റിനായി പ്രവർത്തിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം.