റഷ്യൻ സൈന്യത്തിൻ്റെ ആക്രമണം പേടിച്ച് യുക്രെയിനിലെ അമേരിക്കൻ എംബസി അടച്ച് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ ബങ്കറിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. കീവിലെ അമേരിക്കൻ എംബസി അടച്ചിടുമെന്ന് സ്റ്റേറ്റ് കോൺസുലർ അഫയേഴ്‌സ് എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. റഷ്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകുമെന്ന് കണ്ട് എയർ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉടൻ അഭയം പ്രാപിക്കാൻ അമേരിക്കൻ പൗരന്മാരോടും ആവശ്യപ്പെട്ടതായി ദ ഗാർഡിയനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയ്ക്ക് പുറമെ ഇറ്റലി, സ്പെയിൻ, ഗ്രീസ് തുടങ്ങിയ നിരവധി രാജ്യങ്ങളും യുക്രെയിനിലെ എംബസി പൂട്ടി പലായനം ചെയ്തിട്ടുണ്ട്.
രാജ്യത്തിനുള്ളിൽ ആക്രമണം നടത്താനുള്ള ഏതൊരു നീക്കവും ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് മുന്നറിയിപ്പ് നൽകിയ റഷ്യ അതിനാവശ്യമായ നടപടികളാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. റഷ്യയുടെ ബ്രയാൻസ്ക് അതിർത്തി മേഖലയിലെ സൈനിക കേന്ദ്രം ഒറ്റരാത്രികൊണ്ട് ലക്ഷ്യമിടാൻ യുക്രെയ്ൻ അമേരിക്കൻ നിർമ്മിത മിസൈലുകൾ ഉപയോഗിച്ചതാണ് റഷ്യയെ കടുത്ത നടപടികളിലേക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. റഷ്യൻ ലക്ഷ്യങ്ങൾക്കെതിരെ ദീർഘദൂര ആയുധങ്ങൾ ഉപയോഗിക്കുന്നതിന് അമേരിക്ക യുക്രെയിന് പച്ചക്കൊടി കാട്ടിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരം ഒരാക്രമണം നടന്നിരിക്കുന്നത്. ആറ് മിസൈലുകൾ ഉപയോഗിച്ച് റഷ്യയുടെ ബ്രയാൻസ്ക് മേഖലയിൽ യുക്രെയ്ൻ ആക്രമണം നടത്തി. എന്നാൽ ഇതിൽ അഞ്ചെണ്ണവും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് റഷ്യ തകർത്തിട്ടുണ്ട്. ആറാമത്തെ മിസൈലാകട്ടെ റഷ്യയ്ക്ക് മേൽ ഒരു പ്രഹരവും ഏൽപ്പിക്കാൻ കഴിയാതെ പൊട്ടിച്ചിതറുകയാണുണ്ടായത്.
അമേരിക്കയുടെ സ്പെഷ്യലിസ്റ്റുകളാണ് ATACMS എന്ന ഈ മിസൈൽ പ്രോഗ്രാം ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ഉപഗ്രഹങ്ങളിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശവും ഇത് പ്രവർത്തിക്കാൻ ആവശ്യമാണ്. അതു കൊണ്ടു തന്നെ അമേരിക്കയാണ് ഇപ്പോഴത്തെ ആക്രമണത്തിൻ്റെ പൂർണ്ണ ഉത്തരവാദിയെന്നാണ് റഷ്യ തുറന്നടിക്കുന്നത്. റഷ്യയുടെ പുതിയ ആണവ നയമനുസരിച്ച് ഈ ഒറ്റ കാരണം കൊണ്ട് തന്നെ അമേരിക്കയെ അണുബോംബിട്ട് തകർക്കാൻ കഴിയും. ഏത് വിദേശ രാജ്യത്തിൻ്റെ ആയുധം റഷ്യയിൽ പതിച്ചാലും ആ രാജ്യത്തെ ആക്രമിക്കുമെന്നതാണ് റഷ്യയുടെ പ്രഖ്യാപിത നയം. അത് റഷ്യ പ്രാവർത്തികമാക്കിയാൽ, മൂന്നാം ലോക മഹായുദ്ധത്തിനാണ് തുടക്കം കുറിക്കുക.
Also Read: റഷ്യയുടെ ഹൈബ്രിഡ് യുദ്ധരീതിയില്‍ പകച്ച് അമേരിക്ക
അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും ഒഴിയാനിരിക്കെ ജോബൈഡനാണ് ലോകത്തെ തീ പിടിപ്പിക്കുന്ന സംഘർഷത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. റഷ്യക്കുള്ളിൽ അമേരിക്കൻ ദീർഘദൂര മിസൈൽ ഉപയോഗിക്കാൻ യുക്രെയിന് അനുമതി നൽകിയതും ഇതിൻ്റെ ഭാഗമാണ്. ഡോണൾഡ് ട്രംപ് അധികാരമേറ്റാൽ ആ നിമിഷം മുതൽ യുക്രെയിനുള്ള സഹായം നിർത്തലാക്കുമെന്ന ഭയമാണ് റഷ്യ- യുക്രെയ്ൻ യുദ്ധത്തിൻ്റെ ശില്പികൂടിയായ ജോബൈഡൻ്റെ പ്രകോപനത്തിന് കാരണം. അമേരിക്കൻ ജനതയെ കുരുതി കൊടുക്കുന്ന നീക്കമാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇപ്പോൾ അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ബൈഡൻ്റെ നടപടി കൊലക്കുറ്റമായി കണക്കാക്കണമെന്നാണ് റിപ്പബ്ലിക്കൻ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ദീർഘ ദൂര മിസൈൽ ഉപയോഗിക്കാൻ അനുമതി നൽകുക വഴി അമേരിക്ക റഷ്യയുമായുള്ള യുദ്ധ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങൾക്ക് അമേരിക്കൻ നിയമപ്രകാരം അംഗീകാരം നൽകേണ്ടത് അമേരിക്കൻ കോൺഗ്രസ്സാണ്. എന്നാൽ അത്തരമൊരു അംഗീകാരം ബൈഡൻ തേടിയിട്ടില്ലെന്നും റിപ്പബ്ലിക്കൻ അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശമുള്ള റഷ്യയെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് അമേരിക്കയ്ക്ക് മാത്രമല്ല മനുഷ്യരാശിക്ക് തന്നെ അപകടമാണെന്ന വിലയിരുത്തൽ അമേരിക്കയിലും ശക്തിപ്പെടുകയാണ്. യഥാർത്ഥത്തിൽ വലിയ ആശങ്കയിലാണ് അമേരിക്കൻ സൈന്യവും ഇപ്പോഴുള്ളത്. റഷ്യ ഏത് രൂപത്തിൽ തിരിച്ചടിക്കുമെന്നതാണ് അമേരിക്കൻ സൈനിക നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നത്. യുക്രെയിനിലെ അമേരിക്കൻ എംബസി അടച്ച് എല്ലാവരും ബങ്കറിൽ ഒളിച്ചെങ്കിലും റഷ്യ ഏത് കേന്ദ്രമാണ് ലക്ഷ്യമിടുക എന്നത് സംബന്ധിച്ച് അമേരിക്കയ്ക്ക് ഒരു പിടിയുമില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനിടെ റഷ്യൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ നിരവധി അമേരിക്കൻ നിർമ്മിത കവചിത യുദ്ധ ടാങ്കുകളാണ് കുർസ്ക് മേഖലയിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ യുക്രെയ്ൻ സേന അതിർത്തി പ്രദേശമായ കുർസ്കിൽ നുഴഞ്ഞുകയറ്റം ആരംഭിച്ചതു മുതൽ അവിടെ യുക്രെയ്ൻ സൈന്യത്തിൻ്റെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. യുക്രെയ്‌നുമായുള്ള അതിർത്തിയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള റഷ്യൻ ഗ്രാമമായ ഡാരിനോയ്ക്ക് സമീപമാണ് നിർമ്മിത യുദ്ധടാങ്കുകളും മറ്റ് വാഹനങ്ങളും ഏറെയും തകർക്കപ്പെട്ടിരിക്കുന്നത്.
Also Read: അമേരിക്കയെ കാത്തിരിക്കുന്നത് ‘ബോംബ് സൈക്ലോണ്‍’
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുർസ്കിൽ മാത്രം ഏകദേശം 34,000 യുക്രെയ്ൻ സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 215 ടാങ്കുകൾ, 141 കാലാൾപ്പട യുദ്ധവാഹനങ്ങൾ, 116 കവചിത സൈനിക വാഹനങ്ങൾ, 294 പീരങ്കികൾ, കുറഞ്ഞത് 13 വ്യോമ പ്രതിരോധ ലോഞ്ചറുകൾ, ഡസൻ കണക്കിന് റഡാറുകൾ എന്നിവയും നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടും. ഇതിനു പുറമെ മറ്റ് 1,200 കവചിത വാഹനങ്ങളും റഷ്യൻ സൈന്യം നശിപ്പിച്ചിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം 1000 ദിവസം പിന്നിടുമ്പോൾ മൊത്തം കണക്കാക്കുമ്പോൾ ലക്ഷക്കണക്കിന് സൈനികരാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. അതിൽ വൻനാശനഷ്ടം നേരിടേണ്ടി വന്നിരിക്കുന്നത് യുക്രെയ്നാണ്. ഈ പ്രതിസന്ധിക്ക് എല്ലാം ആക്കം കൂട്ടിയ അമേരിക്കയുടെയും അവരുടെ സൈനിക സഖ്യമായ നാറ്റോയുടെയും അത്യാധുനിക ആയുധങ്ങളുടെ കരുത്ത് റഷ്യൻ സൈന്യം പൊട്ടിച്ച് കളഞ്ഞത് ആയുധ വിപണയിൽ വൻ നഷ്ടമാണ് അമേരിക്കൻ ചേരിക്ക് ഉണ്ടാക്കിയിരിക്കുന്നത്. റഷ്യൻ ആക്രമണത്തിൽ അമേരിക്കയുടെ അഭിമാനമായ എഫ് 35 യുദ്ധവിമാനം തകർന്നത് ആയുധ വിപണിയിലും അമേരിക്കയ്ക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്.
ആണവായുധങ്ങൾ ഇല്ലാത്ത രാജ്യം നടത്തുന്ന ആക്രമണവും ആ രാജ്യത്തെ പിന്തുണയ്ക്കുന്ന ശക്തികളുടെ കൂട്ടായ ആക്രമണമായി കണക്കാക്കുമെന്നാണ് റഷ്യയുടെ പുതിയ നയത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഔപചാരികമായി ഒരു സൈനിക സഖ്യത്തിലും ഉൾപ്പെടാത്ത രാജ്യത്തിന് ആണവശക്തിയുടെ പിന്തുണയുണ്ടെങ്കിലും ഇത് ബാധകമാകും. അതായത് യുക്രെയ്നെ മാത്രമല്ല ആണവായുധം ഉപയോഗിച്ച് അമേരിക്കയെയും ആക്രമിക്കാനുള്ള പദ്ധതിയാണ് റഷ്യ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത് എന്നത് വ്യക്തം.
റഷ്യ ആക്രമിക്കപ്പെട്ടാൽ പ്രതികാരം അനിവാര്യമാണെന്ന് ആക്രമിക്കുന്ന രാജ്യങ്ങളും പിന്തുണയ്ക്കുന്നവരും മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇതേ സംരക്ഷണം റഷ്യൻ സൈനിക സഖ്യകക്ഷികൾക്കും ലഭിക്കും. ഇനി ഉത്തര കൊറിയയെ അമേരിക്ക ആക്രമിച്ചാലും റഷ്യക്ക് ആണവായുധം പ്രയോഗിക്കാൻ കഴിയും. അക്ഷരാർത്ഥത്തിൽ അമേരിക്കയെയും നാറ്റോ സഖ്യകക്ഷികളെയും ഞെട്ടിക്കുന്ന പ്രഖ്യാപനമാണിപ്പോൾ റഷ്യ നടത്തിയിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് റഷ്യൻ പ്രദേശത്തേക്ക് അമേരിക്കൻ മിസൈൽ യുക്രെയ്ൻ പ്രയോഗിച്ചിരിക്കുന്നത്. ഇതിൻ്റെ പ്രത്യാഘാതം എന്തായാലും വളരെ വലുതായിരിക്കും. അമേരിക്കൻ എംബസി പൂട്ടി ഓടിയൊളിച്ചത് കൊണ്ട് മാത്രം റഷ്യൻ കോപത്തിൽ നിന്നും രക്ഷപ്പെടാൻ അമേരിക്കയ്ക്ക് കഴിയുകയില്ല. സ്വയം നാശമാണ് അമേരിക്ക വിളിച്ചു വരുത്തിയിരിക്കുന്നത്.
വീഡിയോ കാണാം