ന്യൂയോര്‍ക്ക്: ഇറാഖിലെ സംയുക്ത സൈനിക റെയ്ഡില്‍ 15 ഐ.എസ്.ഐ.എല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി അമേരിക്ക. ഇറാഖി സുരക്ഷാ സേനയുമായി ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ഐ.എസ്.ഐ.എല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് യു.എസ് മിലിട്ടറി അറിയിച്ചു. വ്യാഴാഴ്ച നടന്ന റെയ്ഡില്‍ ഏഴ് യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായും അമേരിക്കന്‍ സേന അറിയിച്ചു.
അഞ്ച് യു.എസ് സൈനികര്‍ക്ക് റെയ്ഡിനിടെയും രണ്ട് പേര്‍ക്ക് അതിനുശേഷമുണ്ടായ ഒരു വീഴ്ചയിലുമാണ് പരിക്ക് പറ്റിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് പൗരന്മാരെ റെയ്ഡ് ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നും റെയ്ഡില്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സെന്റ്കോം പറഞ്ഞു. അമേരിക്കയും ഇറാഖും ചേര്‍ന്ന് രാജ്യത്തെ സംയുക്ത സുരക്ഷാ ദൗത്യത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് റെയ്ഡ് നടന്നത്.
Also Read: റഷ്യയില്‍ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി
സംയുക്ത റെയ്ഡില്‍ സൈനികര്‍ ഗ്രനൈഡ് അടക്കമുള്ള സ്ഫോടകവസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ചതായി സെന്റ്കോം പറഞ്ഞു. ഐ.എസ്.ഐ.എല്‍ ക്യാമ്പുകളെ ലക്ഷ്യംവെച്ച് വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് ഇറാഖ് സൈന്യവും പ്രതികരിച്ചു.
കൊല്ലപ്പെട്ടവരില്‍ ഐ.എസ്.ഐ.എല്ലിന്റെ പ്രധാന നേതാക്കള്‍ ഉണ്ടായിരുന്നെന്നും ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പ്രധാനപ്പെട്ട രേഖകളും ഉപകരണങ്ങളും കണ്ടെത്തിയതായും ഇറാഖ് സൈന്യം പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാഖില്‍ ഏകദേശം 2,500 യു.എസ് സൈനികര്‍ നിലയുറച്ചിട്ടുണ്ട്. ഇവര്‍ ഇറാഖി സേനയുമായി ചേര്‍ന്നാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഐ.എസിനെതിരായ പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി 900 യു.എസ് സൈനികരെ സിറിയയിലും വിന്യസിച്ചിട്ടുണ്ട്.