വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ ആവശ്യമായ ഡെലിഗേറ്റുകളുടെ വോട്ടുകൾ നേടി കമല ഹാരിസ്. ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ ജെയ്‌മി ഹാരിസൺ ആണ് പ്രഖ്യാപനം നടത്തിയത്.
അടുത്ത ആഴ്ച സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിക്കുമെന്ന് കമല ഹാരിസ് വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കമല ഹാരിസ്.
കമല ഹാരിസിന്റെ പേര് നിര്‍ദേശിച്ച ശേഷമാണ് ജോ ബൈഡൻ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം എത്തിയത്.
സർവേകളിൽ ട്രംപിന് ബൈഡനേക്കാൾ നേരിയ ലീഡുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു പിന്മാറ്റം. എന്നാൽ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ആദ്യ വനിതയായ കമല ഹാരിസിനെതിരെ രൂക്ഷമായ ആക്രമണമാണ് എതിർ സ്ഥാനാർത്ഥി നടത്തുന്നത്.