വാഷിങ്ടൺ: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താറുള്ള ആദ്യ സംവാദം ജൂൺ 27ന് നടക്കും. സംവാദത്തിൽ പ്രസിഡന്‍റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡനും മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സി.എൻ.എൻ ചാനലിന്‍റെ ക്ഷണം സ്വീകരിക്കുന്നതായി ഇരു സ്ഥാനാർഥികളും അറിയിച്ചു.
ഇരുവരും തമ്മിലുള്ള രണ്ടാമത്തെ സംവാദം സെപ്തംബർ 10ന് നടക്കും.
സി.എൻ.എൻ ക്ഷണം സ്വീകരിച്ച ബൈഡൻ, സംവാദത്തിന് തയാറാകാൻ എക്സിലൂടെ ട്രംപിനോട് ആവശ്യപ്പെടുകയായിരുന്നു. ഏത് സമയത്തും ഏത് സ്ഥലത്തും സംവാദത്തിന് തയാറാണെന്നും ബൈഡൻ വ്യക്തമാക്കി.
സെപ്തംബർ 10ന് നടക്കുന്ന സംവാദത്തിൽ പങ്കെടുക്കാൻ തയാറാണെന്ന് ട്രംപ് മറുപടി നൽകി. സ്വന്തം വിമാനത്തിൽ താൻ വരുമെന്നും ബൈഡൻ സ്വന്തം ചെലവിൽ സംവാദത്തിന് വരണമെന്നും ട്രംപ് വ്യക്തമാക്കി. താൻ അടുത്ത നാലുവർഷം പ്രസിഡന്‍റ് ആകാനുള്ള തയാറെടുപ്പിലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
കാപ്പിറ്റോൽ ഹിൽ ആക്രമണം, പീഡനം അടക്കം നിരവധി ക്രിമിനൽ കേസുകൾ നേരിടുകയാണ് ട്രംപ്. യുക്രെയ്ൻ, ഗസ വിഷയങ്ങളിലെടുത്ത നിലപാടുകൾ തെരഞ്ഞെടുപ്പിൽ ബൈഡൻ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.