വാഷിങ്ടൺ : അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ വളരെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങൾക്കൊടുവിൽ കനത്ത സുരക്ഷയിൽ നാളെ തിരഞ്ഞെടുപ്പ് നടക്കും. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപും തമ്മിൽ കനത്ത മത്സരമാണ് നടക്കുന്നത്. രണ്ട് സ്ഥാനാർത്ഥികളും ശക്തമായ അവസാനഘട്ട പ്രചാരണത്തിലാണ്.
കടുത്ത പോരാട്ടത്തിൽ ജയം ആർക്കൊപ്പമാകുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. യു.എസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ഇരുചേരികൾ രൂപപ്പെട്ടിരിക്കുന്നത് കക്ഷി രാഷ്ട്രീയത്താൽ മാത്രമല്ല . ലിംഗഭേദവും കുടിയേറ്റവും പശ്ചിമേഷ്യാസംഘർഷം പോലുള്ള ആഗോളപ്രശ്നങ്ങളും അതിനു കാരണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം വോട്ടർമാരിൽ പകുതിയോളം പേരും മുൻകൂട്ടി വോട്ടിങ്ങ് രേഖപ്പെടുത്തി കഴിഞ്ഞു. 6.8 കോടി പേരാണ് കഴിഞ്ഞയാഴ്ച്ച വോട്ടുചെയ്‌തതെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ടെക്സസിലെ റൗണ്ട് റോക്ക് പട്ടണത്തിലെ ഒരു ചെറിയ പ്രദേശത്തുപോലും 26,000 പേർ മുൻകൂർ വോട്ടു ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും : കമല
അമേരിക്ക ഒരു വനിതാ പ്രസിഡന്റിന് സജ്ജമാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് കമലാ ഹാരിസ് രംഗത്ത് ഇറങ്ങിയിത്. അതേസമയം അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന വാഗ്ദാനവുമായാണ് ട്രംപ് കളത്തിലിറങ്ങിയത്. ഫലം പുറത്ത് വരുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളെ നേരിടാനും ഇരുപാർട്ടികളും തയ്യാറെടുത്തുക്കൊണ്ടിരിക്കുകയാണ്.
അഭിപ്രായ വോട്ടെടുപ്പുകളും മുൻകൂർവോട്ടിങ്ങ് തരംഗവും ഡെമോക്രാറ്റിക് പാർട്ടിയെ ആവേശത്തിലാക്കുമ്പോൾ ഭരണവിരുദ്ധവികാരത്തിന്റെ ആത്മവിശ്വാസത്തിലാണ് ട്രംപ് വിഭാഗമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വിങ് സ്റ്റേറ്റുകളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
അതേസമയം, സ്വിങ് സ്റ്റേറ്റുകളിൽ മുൻഗണന നൽകിയിരിക്കുന്നത് സുരക്ഷയ്ക്കാണ്. ഫിലാഡൽഫിയയിൽ വോട്ടെണ്ണൽസ്ഥലം മുള്ളുവേലികെട്ടി സുരക്ഷിതമാക്കി കഴിഞ്ഞു. ഡിട്രോയിറ്റും അറ്റ്‌ലാന്റയും തിരഞ്ഞെടുപ്പ് ഓഫീസുകളിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിച്ചു. റഷ്യയുമായി ബന്ധപ്പെട് സൈബർ ആക്രമണങ്ങളും തെറ്റായ വിവരപ്രചാരണങ്ങളും ഉണ്ടാകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദേശ ഇടപെടലിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ സർക്കാർ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.