CMDRF

സ്വിറ്റ്സർലൻഡിനെ ‘കുഴപ്പത്തിലാക്കാൻ’ അമേരിക്ക, യുക്രെയിന് ആയുധം നൽകിക്കാൻ വൻ സമ്മർദ്ദം

ആരുടേയും പക്ഷം പിടിക്കാതിരുന്ന സ്വിറ്റ്സർലൻഡിന് മേൽ, അമേരിക്കയുടെ സമ്മർദ്ദം ശക്തമായതോടെ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്

സ്വിറ്റ്സർലൻഡിനെ ‘കുഴപ്പത്തിലാക്കാൻ’ അമേരിക്ക, യുക്രെയിന് ആയുധം നൽകിക്കാൻ വൻ സമ്മർദ്ദം
സ്വിറ്റ്സർലൻഡിനെ ‘കുഴപ്പത്തിലാക്കാൻ’ അമേരിക്ക, യുക്രെയിന് ആയുധം നൽകിക്കാൻ വൻ സമ്മർദ്ദം

ഗോള സംഘർഷങ്ങളിൽ, നിഷ്പക്ഷതയ്ക്ക് പേരുകേട്ട രാജ്യമാണ് സ്വിറ്റ്സർലൻഡ്. റഷ്യ- യുക്രെയിൻ യുദ്ധത്തിലും അവർ ഈ പതിവ് മാറ്റിയിരുന്നില്ല. യുദ്ധങ്ങളിൽ ഏർപ്പെടാൻ താൽപ്പര്യമില്ലെങ്കിലും, ആയുധ വില്പനയിലൂടെ ലഭിക്കുന്ന ധന സമ്പാദനത്തിനു രാജ്യം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ, കേവലം ഈ താൽപ്പര്യം മുൻ നിർത്തി അവർ ഇതുവരെ റഷ്യ- യുക്രെയിൻ യുദ്ധത്തെ സമീപിച്ചിട്ടില്ല.

ആരുടേയും പക്ഷം പിടിക്കാതിരുന്ന സ്വിറ്റ്സർലൻഡിന് മേൽ, അമേരിക്കയുടെ സമ്മർദ്ദം ശക്തമായതോടെ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. യുക്രെയ്ന് എതിരെ തിരിഞ്ഞാൽ, റഷ്യയുടെ കോപം ഏറ്റുവാങ്ങേണ്ടി വരുമോ എന്ന നല്ല ഭയം സ്വിറ്റ്സർലൻഡിനുണ്ട്.

Swiss neutrality

ഇന്നുവരെ റഷ്യയ്‌ക്കെതിരായ ഉപരോധത്തിൽ യൂറോപ്യൻ യൂണിയൻ ഒത്തുചേരുമ്പോഴും ആർക്കെതിരെയും നിലപാടെടുക്കാതെ ഒരു ബാലൻസിങ് ആക്ട് ആണ് സ്വിറ്റ്സർലൻഡ് നടപ്പാക്കിയിരുന്നത്. എന്നാൽ, നൂറ്റാണ്ടുകൾ നീണ്ട ഈ നിഷ്പക്ഷ നിലപാടുകളിൽ പുനർവിചിന്തനം നടത്തുകയാണ് സ്വിറ്റ്സർലൻഡ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം സ്വീകരിക്കുന്ന ബാലൻസിങ് നിലപാടുകളിൽ മാറ്റം വരുത്തണമെന്ന് തന്നെയാണ്, രാജ്യത്തെ വിദഗ്ധർ സ്വിസ്സ് ഭരണകൂടത്തെ അറിയിച്ചിട്ടുള്ളത്. 1515 മുതൽ രാജ്യം നിഷ്പക്ഷത പാലിക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയുമായി ചേർന്ന് ഒരു “പൊതു പ്രതിരോധ ശേഷി”യിൽ പ്രവർത്തിക്കണമെന്ന ആവശ്യവും ഭരണകൂടത്തിന് മുന്നിൽ ശക്തമാണ്.

സ്വിറ്റ്‌സർലൻഡിൻ്റെ നിലപാട് വ്യക്തമാക്കാനുള്ള സമ്മർദ്ദം വർധിക്കുന്നതോടെ ഇനിയും ഈ ബാലൻസിങ് ആക്ടുമായി സ്വിറ്റ്സർലൻഡിന് മുന്നോട്ട് പോവുക ബുദ്ധിമുട്ടായിരിക്കും. സ്വിറ്റ്‌സർലൻഡ് സ്വീകരിക്കുന്ന ഈ നിഷ്പക്ഷ നിലപാടുകൾ രാജ്യത്തിൻ്റെ ആയുധ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്നത് തന്നെയാണ്, ഇതിനുള്ള പ്രധാന കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Neutral Swiss adopt EU sanctions against Russia

നിലവിൽ രണ്ടു കക്ഷികളുടെയും പക്ഷം പിടിച്ചിട്ടില്ലാത്ത സ്വിറ്റ്സർലൻഡ് ഭരണകൂടം, ഇനിയും ഇതേ നിലപാടുമായി അധിക നാൾ മുന്നോട്ട് പോകുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. സ്വീഡനും ഫിൻലൻഡും തുടർന്നു വന്നിരുന്ന നിഷ്പക്ഷത ഉപേക്ഷിച്ച് നാറ്റോയിൽ ചേരണമെന്ന ആവശ്യം, യുക്രയ്ൻ- റഷ്യ ആക്രമണം സങ്കീർണമായതു മുതൽക്കേ ആരംഭിച്ചിട്ടുള്ളതാണ്. നയതന്ത്രജ്ഞർ, മുതിർന്ന ഉദ്യോഗസ്ഥർ, സ്വിസ് ആർമിയുടെ മുൻ തലവൻ, മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൻ്റെ മുൻ ഡയറക്ടർ വുൾഫ്ഗാംഗ് ഇഷിംഗർ എന്നിവരും , ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

2022നെ അപേക്ഷിച്ച്, സ്വിറ്റ്‌സർലൻഡിൻ്റെ ആയുധ കയറ്റുമതി കഴിഞ്ഞ വർഷം 27 ശതമാനം ഇടിഞ്ഞ്, 700 മില്യൺ സ്വിസ് ഫ്രാങ്കിൽ (746 മില്യൺ യൂറോ) കുറഞ്ഞിട്ടുണ്ട്. രാജ്യത്തിൻ്റെ കർക്കശമായ ആയുധ കയറ്റുമതി നയങ്ങളാണ് ഇടിവിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്നത് ഈ രാജ്യം നിരോധിച്ചിട്ടുണ്ട്. ഇതാണ് ഒടുവിൽ വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. സ്വിസ് നിർമിത ആയുധങ്ങൾ യുദ്ധം ചെയ്യുന്ന ഒരു രാജ്യത്തേക്ക് അയയ്ക്കുന്നതിൽ, മറ്റു രാജ്യങ്ങളെ വിലക്കിയതാണ് ഇത്രയും ഇടിവുണ്ടാവാൻ കാരണം. ഈ നിരോധനം പിൻവലിക്കണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്.

രാജ്യത്തിൻറെ ആയുധ വ്യവസായം വർധിപ്പിക്കുന്നതിന്, യൂറോപ്യൻ യൂണിയനിലേക്കും നാറ്റോ ആയുധ പദ്ധതികളിലേക്കും രാജ്യത്തിനും പ്രവേശനം ലഭിക്കണമെന്നും, വിദഗ്ധർ ഓർമിപ്പിക്കുന്നുണ്ട്. യുദ്ധവിമാന പ്രതിരോധ ടാങ്കുകളിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകൾ യുക്രെയ്ന് കൈമാറാനുള്ള ജർമ്മനിയുടെ നീക്കത്തെയും, സ്വി​റ്റ്സ​ർ​ലൻ​ഡ് ഭരണകൂടം വിലക്കിയിരുന്നു​. സ്വിസ് നിർമിത വെടിക്കോപ്പുകൾ കൈമാറുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഗെപാർഡ് ടാങ്കിനുള്ള 35 എം.എം വെടിക്കോപ്പും 12.7 എം.എം വെടിക്കോപ്പും കൈമാറാനിരുന്ന ജർമ്മൻ നീക്കം തടയപ്പെട്ടതും ഇതിൻ്റെ ഭാഗമാണ്.

Switzerland Move Closer to NATO

സ്വി​റ്റ്സ​ർ​ല​ൻ​ഡിൽ നിന്ന് മുമ്പ് ലഭിച്ച വെടിക്കോപ്പുകൾ യുക്രെയ്ന് കൈമാറാനായി, ജർമ്മനി രണ്ടു തവണയാണ് ആവശ്യം ഉന്നയിച്ചിരുന്നത്. യുക്രെയ്നെ ആക്രമിച്ച റഷ്യക്കെതിരെ യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ ഉപരോധങ്ങളിൽ പങ്കാളിയാണെങ്കിലും, യുദ്ധമേഖലയിൽ ആയുധങ്ങൾ നൽകാൻ രാജ്യത്തിൻറെ നിഷ്പക്ഷ നിലപാട് അനുവദിക്കുന്നില്ലെന്നാണ്, സ്വി​റ്റ്സ​ർ​ല​ൻഡ് വ്യക്തമാക്കിയിരിക്കുന്നത്. അയൽ രാജ്യമായ യുക്രെയ്നെ സഹായിക്കാൻ ആയുധങ്ങൾ വേണമെന്ന പോളണ്ടിന്റെ അഭ്യർഥനയും യൂറോപ്യൻ യൂണിയൻ നിരസിച്ചിരുന്നു.

സ്വിറ്റ്‌സർലൻഡ് അതിൻ്റെ നിഷ്പക്ഷ നിലപാടിൽ നിന്ന് പുറത്തുകടന്ന്, യൂറോപ്യൻ യൂണിയനുമായും നാറ്റോയുമായും ബന്ധം സ്ഥാപിക്കണമെന്നതാണ് നിലവിൽ ഉയർന്നിരിക്കുന്ന ആവശ്യം. എന്നാൽ രാജ്യം ഭരിക്കുന്ന ഫെഡറൽ കൗൺസിൽ, സുരക്ഷയുടെയും പ്രതിരോധത്തിൻ്റെയും കാര്യത്തിൽ, നാറ്റോയെയും യൂറോപ്യൻ യൂണിയനെയും കൂട്ടുപിടിക്കുന്നതിനുള്ള നീക്കം, മാസങ്ങൾക്ക് മുന്നേ തുടങ്ങിയതാണെന്നതും, നാം ഓർക്കേണ്ട വസ്തുതയാണ്. നാറ്റോയുടെ സപ്പോർട്ട് ആൻഡ് പ്രൊക്യുർമെൻ്റ് ഏജൻസിയുമായി (എൻഎസ്പിഎ) ചർച്ച നടത്താൻ, സ്വിസ് പ്രതിനിധികളുടെ സംഘം ലക്സംബർഗിലേക്കും പോയിരുന്നു.

Swiss soldiers in ceremonial guard

സൈനിക മൊബിലിറ്റിയിലും സൈബർ പ്രതിരോധത്തിലും ഫെഡറൽ കൗൺസിൽ യൂറോപ്യൻ യൂണിയൻ്റെ രണ്ട് പെർമനൻ്റ് സ്ട്രക്ചർഡ് കോ-ഓപ്പറേഷൻ (പെസ്കോ) പദ്ധതികളിൽ, കഴിഞ്ഞ മാസം പങ്കാളിയായിട്ടുണ്ട്. നിഷ്പക്ഷ രാജ്യമായി നിലകൊള്ളുന്ന സ്വിറ്റ്സർലൻഡിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നോ നാറ്റോയിൽ നിന്നോ സൈനിക സഹായം ലഭിക്കണമെങ്കിൽ, തിരിച്ചുള്ള സഹകരണവും തെളിയിക്കേണ്ടത് ആവശ്യമാണെന്ന്, ജനീവ സെൻ്റർ ഫോർ സെക്യൂരിറ്റി പോളിസിയുടെ ഗ്ലോബൽ ആൻഡ് എമർജിംഗ് റിസ്കുകളുടെ തലവൻ, ജീൻ മാർക്ക് റിക്ലി അഭിപ്രായപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ നീക്കം നടന്നിരുന്നത്.

എന്നാൽ, രാജ്യത്തിൻറെ ഈ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങളും ഇപ്പോൾ ശക്തമാണ്. വിദഗ്ധ സമിതിയിലേക്ക് പ്രധാനമായും “നാറ്റോ, യൂറോപ്യൻ യൂണിയൻ താൽപ്പര്യമുള്ളവരെ” നിയമിച്ചത്, സ്വിസ് പ്രതിരോധ-സുരക്ഷാ മന്ത്രി വിയോള ആംഹെർഡാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിട്ടുണ്ട്. നാറ്റോ അനുകൂല നിലപാടുകളുടെ പേരിൽ അംഹെർഡ് ഇതാദ്യമായല്ല വിമർശനത്തിന് വിധേയയാകുന്നത്.

Also read: അമേരിക്കൻ യുദ്ധവിമാനം വീണതിലും പോര്, വ്യോമസേന തലവൻ തെറിച്ചു, യുക്രെയ്ൻ വീഴുന്നു

സ്വിറ്റ്‌സർലൻഡ് ആക്രമിക്കപ്പെടാൻ സാധ്യതയില്ലെങ്കിലും, തെറ്റായ വിവരങ്ങൾ, ചാരവൃത്തി, സൈബർ ആക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഹൈബ്രിഡ് യുദ്ധത്തിന്, രാജ്യം വിധേയപ്പെടാനുള്ള സാധ്യത കൂടുതൽ തന്നെയാണ്.

2030-ഓടെ സൈനിക ചെലവ് ജിഡിപിയുടെ 1 ശതമാനമെങ്കിലും എത്തിക്കാനാണ് സ്വിറ്റ്‌സർലൻഡ് ശ്രമിക്കുന്നത്. നിലവിൽ ബേണിൻ്റെ പ്രതിരോധ മേഖലയ്ക്ക് ജിഡിപിയുടെ 0.76 ശതമാനം മാത്രമാണ് ലഭിക്കുന്നത്. സ്വന്തമായി സൈന്യമില്ലാത്ത ഐസ്‌ലൻഡ് ഒഴികെയുള്ള ഏതൊരു നാറ്റോ അംഗത്തേക്കാളും വളരെ കുറവാണ് ഈ കണക്കെന്നതും യാഥാർത്ഥ്യമാണ്.

ഫലത്തിൽ, യുക്രെയ്നെ സഹായിക്കാൻ നടക്കുന്ന ഇപ്പോഴത്തെ നീക്കം സ്വിറ്റ്‌സർലൻഡിൽ വലിയ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. റഷ്യൻ കോപം ഏറ്റുവാങ്ങേണ്ടി വരുമെന്നതും, പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

REPORT: MINNU WILSON

Top