വാഷിംങ്ടൺ: നവംബർ 5ന് നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ചൈന ആൾമാറാട്ടം നടത്തുകയും വോട്ടർമാരെ ഭിന്നിപ്പിക്കുന്ന സന്ദേശങ്ങൾ നൽകുകയും ചെയ്യുന്നതായി രഹസ്യാനേഷണ കമ്പനിയായ ‘ഗ്രാഫിക്ക’യുടെ പുതിയ അന്വേഷണ റിപ്പോർട്ട്. ‘സ്പാമൗഫ്ലേജ്’ അല്ലെങ്കിൽ ‘ഡ്രാഗൺ ബ്രിഡ്ജ്’ എന്ന് പേരിട്ടിരിക്കുന്ന ചൈനീസ് ലിങ്ക്ഡ് പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ കാമ്പെയ്നെന്നും ലക്ഷ്യംനേടുന്നതിനുള്ള പ്രചാരണ ഉള്ളടക്കങ്ങൾ ഇന്‍റർനെറ്റിലേക്ക് തള്ളുന്നുവെന്നുമാണ് ഗ്രാഫിക്കയുടെ ആരോപണം.
’സ്പാമൗഫ്ലേജ്’ 2017 മുതലെങ്കിലും സജീവമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അതിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതായും ഇവർ പറയുന്നു. 50ലധികം വെബ്‌സൈറ്റുകളിലും ഫോറങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ആയിരക്കണക്കിന് അക്കൗണ്ടുകൾ ഇത് പ്രയോജനപ്പെടുത്തിയതായും ഗ്രാഫിക്ക പറയുന്നു.
Also Read: നൈജീരിയയിൽ ബോകോ ഹറം തീവ്രവാദി ആക്രമണം; 81 മരണം
യു.എസിന്റെ രാഷ്ട്രീയ സംവാദങ്ങളിൽ നുഴഞ്ഞുകയറാനും സ്വാധീനിക്കാനുമുള്ള ശ്രമങ്ങളിൽ ‘സ്പാമൗഫ്ലേജ്’ കൂടുതൽ ജാഗ്രത പുലർത്തുന്നതായി ഗ്രാഫിക്ക ഗവേഷണ സംഘത്തെ നിയന്ത്രിക്കുന്ന ജാക്ക് സ്റ്റബ്‌സ് പറഞ്ഞു. യു.എസിനെ ലക്ഷ്യമാക്കിയുള്ള ചൈനീസ് സ്വാധീന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതും കൂടുതൽ വഞ്ചനാപരമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നതും സമൂഹത്തിലെ അഭിപ്രായ ഭിന്നതകളെ മറയാക്കിക്കൊണ്ടാണെന്നും സ്റ്റബ്സ് കൂട്ടിച്ചേർത്തു.
എക്‌സിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ച് ട്രംപിനെ ഓറഞ്ച് ജയിൽ യൂണിഫോമിൽ കാണിക്കുകയും ‘വഞ്ചകൻ’ എന്ന് മുദ്രകുത്തുകയും ബൈഡനെ ‘ഭീരു’ എന്ന് വിളിക്കുകയും ചെയ്യുന്ന മീമുകൾ സൃഷ്ടിക്കുകയും ചെയ്തത് ഇതിൽ ഒരു ഉദാഹരണമാണെന്ന് ‘ഗ്രാഫിക്ക’ പറഞ്ഞു.