യുദ്ധ പശ്ചാത്തലത്തിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും എണ്ണമറ്റ വ്യക്തികളെ കുടിയൊഴിപ്പിക്കുകയും ചെയ്ത, ഡിആർസിയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) സംഘർഷ പശ്ചാത്തലത്തിൽ മാനുഷിക സഹായവുമായി യുഎസ് രംഗത്ത്. ഡിആർസിയിലെ യുഎസ് അംബാസഡർ ലൂസി ടാംലിനുമായി നടന്ന കൂടിക്കാഴ്ചയിലാണ് കിൻഷാസയിലെക്കുള്ള സഹായം യു.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 25 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതം നിലവിൽ പ്രതിസന്ധിയിലാണ്, രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്നാണിത്. ഈ തുക യുഎൻ ഏജൻസികൾക്കും, അടിയന്തര ഭക്ഷണ സഹായം, ആരോഗ്യ സംരക്ഷണം, പോഷകാഹാര പിന്തുണ, പാർപ്പിടം, വെള്ളം, ശുചിത്വം, എന്നിവ നൽകുന്ന സന്നദ്ധ ഗ്രൂപ്പുകൾക്കും നൽകുമെന്ന് യുഎസ് അംബാസഡർ, ജെഫ്രി പ്രെസ്‌കോട്ട് അറിയിച്ചു. അമേരിക്കൻ കർഷകരിൽ നിന്നുള്ള നേരിട്ടുള്ള പിന്തുണയുള്ള കാർഷിക ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.
2022 മുതൽ കോംഗോയുടെ സൈന്യം എം 23 വിമതരുമായി പോരാടുകയാണ്, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഡിആർസിയിലെ സംഘർഷം ആഗോളതലത്തിലെ തന്നെ ഏറ്റവും കടുത്ത മാനുഷിക പ്രതിസന്ധികൾക്കാണ് വഴിയൊരുക്കിയത്. ധാതുക്കളാൽ സമ്പന്നമായ ഒരു രാജ്യത്ത് വർഷങ്ങളോളം നീണ്ടുനിന്ന സംഘർഷങ്ങളുടെ ഫലമായി 60 ലക്ഷം ആളുകൾ കൊല്ലപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കൂടാതെ എം 23 ഉൾപ്പെടെയുള്ള വിമത ഗ്രൂപ്പുകൾ ഡിആർസിയെ പിടിച്ചെടുക്കാനും നിയന്ത്രണ വിധേയമാക്കാനും മത്സരിക്കുകയാണ്. ഇത് കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുന്നു. 2012-ൽ കോംഗോ സൈന്യത്തിൽ നിന്ന് മാറിയ വിമത സംഘമാണ് എം 23. തുടർന്ന് കോംഗോയ്ക്കെതിരെയുള്ള ആക്രമണം ഇവർ പുനരാരംഭിച്ചു. നിലവിൽ തന്ത്രപ്രധാനമായ ഖനന നഗരമായ റുബായ പോലുള്ള പ്രധാന മേഖലകളെ ലക്ഷ്യം വെച്ചാണ് എം 23 മുന്നോട്ടുപോകുന്നത്. അയൽരാജ്യമായ റുവാണ്ടയുടെ പിൻഗാമിയാണ് എം 23 എന്നും ഐക്യരാഷ്ട്രസഭയും ഡിആർസിയും ആരോപിക്കുന്നു. എന്നാൽ ഈ വാദം റുവാണ്ട അംഗീകരിച്ചിട്ടില്ല. കൂടാതെ ഫെബ്രുവരിയിൽ, ഡിആർസിയിൽ പ്രകടനക്കാർ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് അമേരിക്കൻ, ബെൽജിയൻ പതാകകൾ കത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം 1994 ൽ റുവാണ്ടയിൽ നടന്ന കൂട്ടക്കൊലയും കോംഗോയിലേക്ക് ഹുട്ടു അഭയാർത്ഥികളുടെ വൻതോതിലുള്ള കുത്തൊഴുക്കുമെല്ലാം വർഷങ്ങൾക്കു മുൻപേ ഈ സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയ കാരണങ്ങളാണ്. ഇതിന് പിന്നാലെയാണ് 1998ൽ രണ്ട് യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇത് 54 ലക്ഷത്തോളം കോംഗോക്കാരുടെ മരണത്തിന് ഇടയാക്കി. എം 23 വിമതർ ആൾക്കൂട്ട കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും ഉൾപ്പെടെയുള്ള അതിക്രമങ്ങൾ ഡിആർസിയിൽ നടത്തിയതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇൻ്റർനാഷണൽ തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.