ഇസ്രായേലിനും ഹിസ്ബുല്ലക്കുമിടയില്‍ നയതന്ത്രനീക്കം ഊര്‍ജിതമാക്കാന്‍ അമേരിക്ക

ഇസ്രായേലിനും ഹിസ്ബുല്ലക്കുമിടയില്‍ നയതന്ത്രനീക്കം ഊര്‍ജിതമാക്കാന്‍ അമേരിക്ക

ദുബൈ: ഇസ്രായേല്‍-ലബനന്‍ സംഘര്‍ഷം മേഖലായുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിനും ഹിസ്ബുല്ലക്കുമിടയില്‍ നയതന്ത്ര നീക്കം ഊര്‍ജിതമാക്കുമെന്ന് അമേരിക്ക. പുതിയ യുദ്ധമുഖം തുറക്കുന്നത് ഇസ്രായേല്‍ താല്‍പര്യങ്ങള്‍ക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.

ഇസ്രായേല്‍, ലബനന്‍ സംഘര്‍ഷം ഗള്‍ഫ് മേഖലായുദ്ധമായി പടരുമെന്ന് മുന്നറിയിപ്പ് നല്‍കിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, നയതന്ത്ര മാര്‍ഗത്തിലൂടെ സംഘര്‍ഷം പരിഹരിക്കാന്‍ ഇരുകൂട്ടരോടും ആവശ്യപ്പെട്ടു. വിനാശകാരിയായ യുദ്ധം ഇസ്രായേല്‍ താല്‍പര്യങ്ങള്‍ക്കും ഒട്ടും ഗുണം ചെയ്യില്ലെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായുള്ള ചര്‍ച്ചയില്‍ ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

നയതന്ത്ര സാധ്യതകളിലൂടെ യുദ്ധം ഒഴിവാക്കാന്‍ ശ്രമം തുടരുമെന്ന് യോവ് ഗാലന്റ് അറിയിച്ചതായി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ഗസയിലെ സിവിലിയന്‍ കുരുതിയിലുള്ള ആശങ്ക പങ്കുവച്ചതിനു പുറമെ കൂടുതല്‍ സഹായം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ലക്ഷ്യം നേടും വരെ ആക്രമണം ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണം പൂര്‍ണമായും ഉപേക്ഷിക്കുകയും സൈന്യം ഗസ വിടുകയും ചെയ്യാതെ ബന്ദിമോചനം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച നിര്‍ദേശം തള്ളിയ നെതന്യാഹുവിന്റെ ഗസ ക്രൂരതകള്‍ക്ക് അമേരിക്ക തന്നെയാണ് ഉത്തരവാദിയെന്നും ഹനിയ്യ കുറ്റപ്പെടുത്തി.

അതേസമയം, ഗസയില്‍ അല്‍-ശാതി ക്യാംപിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ സഹോദരി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. യു.എന്‍ സ്‌കൂളുകള്‍ക്കുനേരെ നടന്ന രണ്ട് ആക്രമണങ്ങളില്‍ 14 പേരും കൊല്ലപ്പെട്ടു. തന്റെ കുടുംബാംഗങ്ങളെ വകവരുത്തിയതു കൊണ്ടൊന്നും പലസ്തീന്‍ ചെറുത്തുനില്‍പ്പ് അവസാനിക്കാന്‍ പോകുന്നില്ലെന്ന് ഹനിയ്യ വ്യക്തമാക്കി.

50 ദിവസമായി ഒരുസഹായ ട്രക്കുപോലും ഗസയിലെത്താത്ത സാഹചര്യത്തില്‍ പട്ടിണി വ്യാപകമാകുന്നതായി യുഎന്‍ ഏജന്‍സികള്‍ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെ ജീവന് ഭീഷണി നിലനില്‍ക്കെ, ഗസയിലെ എല്ലാ സഹായപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. തനിക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ഇസ്രായേലിനെ പരോക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും രംഗത്തുവന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ സേനയാണ് ഇസ്രായേലിന്റേതെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധനായ ക്രിസ് സിദോത്തി കുറ്റപ്പെടുത്തി.
അതിനിടെ യാഥാസ്ഥിതിക ജൂതസമൂഹവും സൈന്യത്തില്‍ ചേരണമെന്ന് ഇസ്രായേല്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു.

Top