ലക്നൗ: സർക്കാരിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിക്കൊണ്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിടുന്ന ക്രിയേറ്റേഴ്‌സിന് മാസം എട്ടുലക്ഷം രൂപ വരെ വരുമാനമായി നേടുന്ന പുതിയ സോഷ്യൽ മീഡിയ നയത്തിന് ഉത്തർപ്രദേശ് മന്ത്രി സഭ അംഗീകാരം നൽകി. ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളില്‍ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ ഫോളോവേഴ്സിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പണം ലഭിക്കുക.
കണ്ടന്റ് ക്രിയേറ്റര്‍മാരുടെ സമൂഹമാധ്യമത്തിലെ ഫോളോവേഴ്സ് അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കിയാണ് പരസ്യം നല്‍കുക. യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് എട്ട് ലക്ഷം, ഏഴ് ലക്ഷം, ആറ് ലക്ഷം, നാല് ലക്ഷം എന്നിങ്ങനെയാണ് നല്‍കുക. എക്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളില്‍ പ്രതിമാസത്തില്‍ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയായിരിക്കും പണം അനുവദിക്കുക.
also read: പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കും; മമത ബാനര്‍ജി
ഇതുവഴി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പദ്ധതി പ്രാവര്‍ത്തികമാകുന്നതിലൂടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുമെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം രാജ്യവിരുദ്ധ കണ്ടന്റുകള്‍, അസഭ്യവും അധിക്ഷേപകരവുമായ കണ്ടന്റുകള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിനെതിരായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷകള്‍ നല്‍കും. മൂന്നു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം.