മലപ്പുറം: മുസ്ലിം ലീഗിനെതിരെ വിമർശനവുമായി മന്ത്രി വി. അബ്ദുറഹ്‌മാൻ. മുഖ്യമന്ത്രി – ആർ.എസ്.എസ്. ബന്ധമാരോപിക്കുന്ന മുസ്ലിം ലീഗ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബി.ജെ.പി. നേതാക്കളുമായി പാണക്കാട്ട് ചർച്ച നടത്തിയത് എന്തിനാണെന്ന് പറയണമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരാണ് പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയത്. തിരഞ്ഞെടുപ്പിൽ ചാവക്കാടും ഗുരുവായൂരുമടക്കമുള്ള സ്ഥലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ഏകീകരണമുണ്ടായത് എങ്ങനെയാണ്? തൃശ്ശൂർ വിജയത്തിൽ മുസ്ലിം ലീഗ് നല്ലതോതിൽ ബി.ജെ.പി.യെ സഹായിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞശേഷം ലീഗ് നേതാക്കൾ ബി.ജെ.പി. നേതാക്കളേയും കണ്ടതായി അബ്ദുറഹ്‌മാൻ ആരോപിച്ചു.
ലീഗ് നേതാക്കൾ എക്കാലവും ബി.ജെ.പിയുടെ സഹായം തേടിയിട്ടുണ്ട്. മുഖ്യമന്ത്രി ഒരിക്കലും മലപ്പുറത്തെ അപമാനിക്കില്ല. ജില്ലയുടെ രൂപവത്കരണത്തിന്റെ പിന്നിൽപോലും ഇടതുപക്ഷത്തിന് പങ്കുണ്ട് -മന്ത്രി പറഞ്ഞു. അഭിമുഖം തെറ്റായി കൊടുത്തത് പി.ആർ. ഏജൻസിയാണെങ്കിൽ അവരുടെ പേരിൽ കേസ് കൊടുക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു പി.ആർ. ഏജൻസിയില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. നിങ്ങളറിയാതെ അത്തരമൊരു പി.ആർ. ഏജൻസി പ്രവർത്തിക്കുമോ കേരളത്തിൽ. കേരളാഹൗസിൽ ഇൻഫർമേഷൻ വിഭാഗമുണ്ട്. അവരാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇംഗ്ലീഷ് പത്രം അവർക്കുപറ്റിയ തെറ്റ് തിരുത്തിക്കഴിഞ്ഞു. ഇനി അതിന്റെ പേരിൽ വിവാദമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.