‘കോടതിയില്‍ പോകുമെന്ന് പറഞ്ഞതാണോ പ്ലാന്‍ ബി’; എംവി ഗോവിന്ദനെയും കെഎന്‍ ബാലഗോപാലിനെയും പരിഹസിച്ച് വി മുരളീധരന്‍

‘കോടതിയില്‍ പോകുമെന്ന് പറഞ്ഞതാണോ പ്ലാന്‍ ബി’; എംവി ഗോവിന്ദനെയും കെഎന്‍ ബാലഗോപാലിനെയും പരിഹസിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: എംവി ഗോവിന്ദനെയും കെഎന്‍ ബാലഗോപാലിനെയും പരിഹസിച്ച് വി മുരളീധരന്‍. കള്ളനെ പിടിച്ചു കഴിഞ്ഞാല്‍ ഇന്നുവരെ ഏതെങ്കിലും കള്ളന്‍ സമ്മതിച്ചിട്ടുണ്ടോ കട്ടത് താനാണെന്ന് എന്ന് എംവി ഗോവിന്ദനെ പരിഹസിച്ച് മുരളീധരന്‍ ചോദിച്ചു. കോടതിയില്‍ പോകുമെന്ന് പറഞ്ഞതാണോ പ്ലാന്‍ ബിയെന്ന് കെഎന്‍ ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു.

സിപിഐഎമ്മിന്റെ കള്ള അക്കൗണ്ടല്ലെങ്കില്‍ ഇഡി അക്കൗണ്ട് സ്വയം ഉണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കും എന്നാണോ ഗോവിന്ദന്‍ മാഷ് പറയുന്നത് എന്ന് മുരളീധരന്‍ ചോദിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അവമതിപ്പെടുത്താന്‍ ഇഡി നടത്തിയ നീക്കത്തിനെതിരെ അടുത്തതായി കോടതിയില്‍ പോകട്ടെ. കരുവന്നൂരില്‍ തട്ടിപ്പു നടത്തിയ കള്ളപ്പണം സൂക്ഷിക്കാന്‍ ഉണ്ടാക്കിയ രഹസ്യ അക്കൗണ്ടുകള്‍ ആണിത്. പേടിയില്ലാത്തവനെ പേടിപ്പിക്കേണ്ട എന്ന് എന്തിനു പറയുന്നു? ധൈര്യമായി നടന്നാല്‍ പോരേ? ഇഡിക്ക് അങ്ങനെ ബിജെപി ബാങ്ക്, സിപിഎം ബാങ്ക് എന്നൊന്നുമില്ല, തട്ടിപ്പ് നടത്തുന്നിടത്തൊക്കെ ഇഡി പോകും എന്നും അദ്ദേഹം ചോദിച്ചു.

കോടതിയില്‍ പോകുമെന്ന് പറഞ്ഞതാണോ പ്ലാന്‍ ബി? അത് ആദ്യം തന്നെ പറഞ്ഞാല്‍ പോരായിരുന്നോ? വീണ്ടും കോടതിയില്‍ പോകുമെന്നാണോ? വീണ്ടും തോല്‍ക്കും എന്നാണോ? സുപ്രിംകോടതിക്ക് മുകളില്‍ മറ്റൊരു കോടതിയില്ല എന്ന് ആരെങ്കിലും ബാലഗോപാലിന് പറഞ്ഞു കൊടുക്കണം. ബജറ്റ് പ്രസംഗത്തില്‍ ബാലഗോപാല്‍ പറഞ്ഞത് ഞങ്ങള്‍ ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകും. എന്നിട്ടും കിട്ടിയില്ല എങ്കില്‍ പ്ലാന്‍ ബി ഉണ്ടെന്നാണ്. പ്ലാന്‍ ബി എന്നാല്‍ പ്ലാന്‍ ബാലഗോപാല്‍. അല്ലാത്ത വേറൊരു ബി ഇല്ല. പണം കിട്ടാനുണ്ട്, കേന്ദ്രം ഞെരുക്കുന്നു എന്ന വാദം പൊളിഞ്ഞു. ഭരണഘടന വിഷയമാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഞെരുക്കുന്നതല്ല എന്ന് തെളിഞ്ഞു.

കടമെടുപ്പ് പരിധി കേസില്‍ സുപ്രിം കോടതിയുടെ ഇടക്കാല വിധി കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് പ്രധാനപ്പെട്ടതെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ പ്രതികരണം. യാചിക്കാനല്ല, അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാനാണ് സുപ്രിംകോടതിയില്‍ പോയത്. വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കേരളം കൊടുത്ത ഹര്‍ജി ഭരണഘടനപരമായ ഗൗരവം ഉള്ളതാണ്. സുപ്രിം കോടതി അതാണ് വ്യക്തമാക്കിയത്. കോടതിയില്‍ പോയത് പ്ലാന്‍ ബി ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top