തിരുവനന്തപുരം; ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ ജൂണിൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഇപ്പോൾ മുൻതൂക്കം നൽകുന്നത്. 2007 ന് ശേഷം സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുന്നത് ഇപ്പോഴാണ്. രണ്ട് വർഷത്തിനുള്ളിൽ ഒരിക്കലെങ്കിലും പാഠപുസ്തക പരിഷ്‌കരണം നടക്കേണ്ടതുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ 173 ടൈറ്റിലുകളിലായി രണ്ട് കോടി മുപ്പത് ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ചത്.