തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശ സന്ദര്‍ശനം എല്ലാവരും നടത്താറുളളതാണ്. കുടുംബ സമേതവും വിദേശ യാത്രകള്‍ നടത്താറുണ്ട്. സ്വന്തം കാശിന് പോകുന്നതില്‍ എന്താണ് തെറ്റെന്ന് ശിവന്‍കുട്ടി ചോദിച്ചു. രാഹുല്‍ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങള്‍ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കുടുംബ സമേതമുള്ള മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ സ്വകാര്യവിദേശയാത്രയാണ് വിവാദമായത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വ്വഹിക്കാമെന്ന് ഉറപ്പുള്ളപ്പോള്‍ പിന്നെ പകരം ആളെന്തിനെന്നാണ് സിപിഎം ഉയര്‍ത്തുന്ന ചോദ്യം. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര, വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധവും ഇടതുപക്ഷ വിരുദ്ധതയും മാത്രമാണെന്നും സിപിഎം നേതാക്കള്‍ പറയുന്നു.