തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കമായതായി മന്ത്രി വി ശിവന്‍കുട്ടി. മെയ് രണ്ട് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ 80,000 അധ്യാപകര്‍ പങ്കെടുക്കും. ഓരോ അധ്യാപകര്‍ക്കും ഇന്റര്‍നെറ്റ് സംവിധാനമുള്ള ലാപ്ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിച്ച് പ്രായോഗിക പരിശീലനമാണ് നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ മൊഡ്യൂള്‍ കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പ്രകാശനം ചെയ്തു.
‘എ.ഐ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ പരിമിതികളും ഡീപ്പ് ഫെയ്ക്, സ്വകാര്യത പ്രശ്നം തുടങ്ങിയ മേഖലകളിലും അധ്യാപകര്‍ക്ക് പരിശീലനത്തിലൂടെ ബോധവല്‍ക്കരണം നടത്തും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളില്‍ പ്രയോഗിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ അധ്യാപകരെയും പരിശീലിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ പ്രൈമറി മേഖലയിലേക്കും അപ്പര്‍ പ്രൈമറി മേഖലിലേയ്ക്കും പരിശീലനം വ്യാപിപ്പിക്കും.’ ഡിസംബര്‍ 31ഓടെ കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രായോഗിക പരിശീലനം നല്‍കി മറ്റൊരു കേരള മാതൃക രാജ്യത്തിന് മുന്നില്‍ കാഴ്ച വയ്ക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.