കൊച്ചി: ആൾക്ഷാമത്തിൽ വലഞ്ഞ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ. 65 പേർ വേണ്ടിടത്ത് ഉള്ളത് 49 പേർ മാത്രമാണ്. എറണാകുളം ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് പെരുമ്പാവൂരിലേത്. വിശാലമാണ് സ്റ്റേഷൻറെ പരിധി. നിരവധി കേസുകൾ ഓരോ ദിവസവും വരും. ഇതിന്റെയൊക്കെ അന്വേഷണത്തിന് പുറമെ വിഐപി സുരക്ഷ ഉൾപ്പെടെയുള്ള മറ്റ് ഡ്യൂട്ടികൾ വേറെ. നൂറു പേരുണ്ടായാലും തികയാത്ത അവസ്ഥ. അപ്പോഴാണ് എസ്എച്ച്ഒയുടെ കസേരയടക്കമുള്ള ഒഴിവുകളിൽ ആളില്ലാതെ സ്റ്റേഷൻ ഓടുന്നത്.
നൂറുകണക്കിന് അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂർ നഗരത്തിൽ ഇവർക്കിടയിലെ പ്രശ്നങ്ങൾ തന്നെയാണ് ഏറ്റവും അധികം കേസുകളായി വരുന്നത്. ലഹരിവേട്ടയും അടിപിടിയുമെല്ലാം നിത്യേനയുണ്ട്. ജോലിഭാരം താങ്ങാനാകാതെയാണ് മൂന്ന് എസ് എച്ച് ഒമാർ ചുരുങ്ങിയ ഇടവേളയിൽ സ്ഥലംമാറ്റം വാങ്ങിപ്പോയതെന്നാണ് ഉദ്യോഗസ്ഥർക്കിടയിലെ അടക്കം പറച്ചിൽ. സർക്കാരിൽ സ്വാധീനമുള്ള സംഘടനാ പ്രതിനിധികൾ സ്റ്റേഷനിൽ ഇല്ലാത്തത് തിരിച്ചടിയാണെന്ന് പറയുന്നവരും ഉണ്ട്. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ പരാജയപ്പെട്ട ചുരുക്കം ചില സ്റ്റേഷനുകളിൽ ഒന്നാണ് പെരുമ്പാവൂർ. ചട്ടലംഘനം ഭയന്ന് ഇതിലൊന്നും ആരും പരസ്യമായി പ്രതികരിക്കുന്നില്ല.