കാഫിർ പ്രയോഗം വടകര അംഗീകരിച്ചില്ല; ഷാഫി പറമ്പിൽ

കാഫിർ പ്രയോഗം വടകര അംഗീകരിച്ചില്ല; ഷാഫി പറമ്പിൽ
കാഫിർ പ്രയോഗം വടകര അംഗീകരിച്ചില്ല; ഷാഫി പറമ്പിൽ

വടകര: വർഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങൾ രാഷ്ട്രീയം പറഞ്ഞുവെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കാഫിർ പ്രയോഗം വടകര അംഗീകരിച്ചില്ല. നാളെ ഈ ജയത്തിന്റെ പേരിൽ ആരേയും ഭിന്നിപ്പിക്കാൻ തങ്ങളില്ലായെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവനൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അപ്രതീക്ഷിതമായാണ് വടകരയിൽ സ്ഥാനാർഥിയായത്. ഒരിഞ്ച് പോലും വടകരക്കാർ എന്നെ അവഗണിച്ചില്ല. കടലോളം സ്‌നേഹം തന്ന് കൂടെ നിർത്തി. ഈ വിജയം വടകരക്കാർക്ക് വിനയപൂർവം സമർപ്പിക്കുന്നു. പ്രവാസി സഹോദരങ്ങളോട് പ്രത്യേകമായി നന്ദി പറയുന്നു. ഇത് വടകരക്കാരുടെ രാഷ്ട്രീയവിജയമാണ്. വാക്കുകൊണ്ട് നന്ദി പറയാൻ കഴിയില്ല. കൂടുതൽ വിനയത്തോടെ ജനങ്ങളെ സമീപിക്കാൻ ഈ വിജയം ഞങ്ങളെ പഠിപ്പിക്കുന്നു.’ -ഷാഫി പറമ്പിൽ പറഞ്ഞു.

‘വർഗീയത പറഞ്ഞവരോട് വടകര രാഷ്ട്രീയം പറഞ്ഞു. ഞങ്ങളുടെ പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച കാഫിർ പ്രയോഗം വടകര അംഗീകരിച്ചില്ല. നാളെ ഈ വിജയത്തിന്റെ പേരുപറഞ്ഞ് ആരേയും ഭിന്നിപ്പിക്കാൻ ഞങ്ങളില്ല. പോലീസ് കൃത്യമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ വടകരയ്ക്ക് ഇത്രത്തോളം കളങ്കം ഉണ്ടാകില്ലായിരുന്നു. വടകരയുടെ മതേതര മനസിന്റെ മറുപടിയാണ് ഇത്.’

‘പോലീസ് ഇനിയെങ്കിലും ഉണർന്നുപ്രവർത്തിക്കണം. കാഫിർ പ്രയോഗം ആരെങ്കിലും അറിയാതെ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ വേണ്ടിയാണ് നടപടി ആവശ്യപ്പെടുന്നത്. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള വ്യാജപ്രചാരണത്തിന് എതിരെയാണ് ജനം വോട്ടുചെയ്തത്. ഇത് വടകരയുടെ വിജയമാണെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിക്കണം. സമാധാനത്തോടെ നിയമം പാലിച്ച് യു.ഡി.എഫ്. ആഹ്ലാദ പ്രകടനം നടത്തും.’ -ഷാഫി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങൾക്ക് മടുത്തുവെന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലമെന്നും ഷാഫി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് മികച്ച ഫലമാണ് വരുന്നത്. കേരളത്തിൽ വരാനിരിക്കുന്ന ഭരണമാറ്റത്തിന് ജനങ്ങൾ സജ്ജരാണെന്നും ഷാഫി പറഞ്ഞു. നാലാം തവണയും കോഴിക്കോട് മികച്ച വിജയം നേടിയ യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവനെ ഷാഫി പറമ്പിൽ അഭിനന്ദിച്ചു.

‘എം.കെ. രാഘവന് ഹൃദയം നിറഞ്ഞ അഭിനന്ദനം നേരുന്നു. ഒരു എം.പി. എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ ടെക്സ്റ്റ് ബുക്കാണ് എം.കെ. രാഘവൻ.’ -ഷാഫി പറമ്പിൽ പറഞ്ഞു.

Top