CMDRF

വാൽമീകി വികസന കോർപറേഷൻ അഴിമതി; കർണാടകയിൽ 2 കോൺഗ്രസ് എംഎൽഎമാരുടെ വീട്ടിൽ ഇഡി റെയ്ഡ്

വാൽമീകി വികസന കോർപറേഷൻ അഴിമതി; കർണാടകയിൽ 2 കോൺഗ്രസ് എംഎൽഎമാരുടെ വീട്ടിൽ ഇഡി റെയ്ഡ്
വാൽമീകി വികസന കോർപറേഷൻ അഴിമതി; കർണാടകയിൽ 2 കോൺഗ്രസ് എംഎൽഎമാരുടെ വീട്ടിൽ ഇഡി റെയ്ഡ്

ബെംഗളൂരു: കർണാടകയിലെ വാൽമീകി വികസന കോർപറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ വീട്ടിൽ ഇഡി റെയ്‌ഡ്. ബല്ലാരി കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ബി നാഗേന്ദ്ര, റായ്ച്ചൂർ റൂറൽ എംഎൽഎയും മഹർഷി വാൽമീകി കോർപറേഷൻ പ്രസിഡൻറുമായ ബസനഗൗഡ ദദ്ദാൽ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ് നടത്തിയത്. റായ്ച്ചൂർ, ബല്ലാരി, യലഹങ്ക, കോറമംഗല തുടങ്ങിയ 18 സ്ഥലങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേ സമയം റെയ്‌ഡ് നടത്തിയത്. രാവിലെ 7 മണിക്കായിരുന്നു പരിശോധന നടന്നത്. റെയ്‌ഡിൽ സുപ്രധാന രേഖകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

എംഎൽഎ ബി നാഗേന്ദ്രയെയും വാൽമീകി കോർപറേഷൻ പ്രസിഡൻറ് ബസവനഗൗഡ ദദ്ദാലിനെയും എസ്ഐടി ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച ചോദ്യം ചെയ്‌തിരുന്നു. അതേസമയം, ലോക്കൽ പൊലീസിൻറെ സഹായം ഇഡിക്ക് ലഭിച്ചില്ലെന്നും സിആർപിഎഫ് ജീവനക്കാരുടെ സഹകരണത്തോടെയാണ് റെയ്‌ഡ് നടത്തിയതെന്നും വൃത്തങ്ങൾ അറിയിച്ചു.

കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപറേഷൻറെ അക്കൗണ്ടൻറായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപറേഷനിൽ കോടികളുടെ അഴിമതി നടന്നതായി തെളിഞ്ഞത്. കോർപറേഷൻ അനധികൃത കൈമാറ്റങ്ങൾ നടത്തിയെന്നും ഗ്രാൻറ് തുക ദുരുപയോഗം ചെയ്‌തുവെന്നും ചന്ദ്രശേഖരൻ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.

പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി. നാഗേന്ദ്ര എം.എൽ.എയുടെ പേരും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് ബി. നാഗേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Top