മുംബൈ: അതിവേഗ ഇന്റര്‍സിറ്റി യാത്രയ്ക്കായി രൂപകല്‍പ്പന ചെയ്ത വന്ദേ മെട്രോ ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കായിരുന്നു ട്രയല്‍ റണ്‍. മണിക്കൂറില്‍ 130 കിലോ മീറ്റര്‍ വേഗതയിലാണ് വന്ദേ മെട്രോ സഞ്ചരിച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ അതേ മാതൃകയിലാണ് വന്ദേ മെട്രോ ട്രെയിനും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളോടെയുള്ള 12 എയര്‍കണ്ടീഷന്‍ കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനില്‍ ഉണ്ടാകുക. സിസിടിവി ക്യാമറകള്‍, മീഡിയ റെസ്‌പോണ്‍സ് സിസ്റ്റം, റിയല്‍ ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ തുടങ്ങിയ സംവിധാനങ്ങള്‍ ട്രെയിനിലുണ്ട്. 250 മുതല്‍ 350 കിലോ മീറ്റര്‍ വരെയുള്ള ഇന്റര്‍സിറ്റി യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ട്രെയിനിന്റെ വേഗത ക്രമീകരിച്ചിരിക്കുന്നത്. ഇത്രയും ദൂരം 3-5 മണിക്കൂറുകള്‍ കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ട്രെയിനുകളിലെ വൈബ്രേഷന്‍, വേഗത തുടങ്ങി മൊത്തം പ്രകടനം വിലയിരുത്താനായി സെന്‍സറുകള്‍ സ്ഥാപിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്ച്, ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.