വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് തിരിച്ചടി; മാസ്റ്റര്‍പ്ലാന്‍ തിരുത്താന്‍ നിര്‍ദേശം

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് തിരിച്ചടി; മാസ്റ്റര്‍പ്ലാന്‍ തിരുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് തിരിച്ചടി. മാസ്റ്റര്‍പ്ലാന്‍ തിരുത്താന്‍ സ്റ്റേഷന്‍ നവീകരണത്തിന് കരാറെടുത്ത കെ റെയില്‍ കോര്‍പ്പറേഷന് റെയില്‍വേ നിര്‍ദേശം നല്‍കി. ശിവഗിരി മഠത്തിലേക്കുള്ള രണ്ടാം കവാടം ഒഴിവാക്കണമെന്നതടക്കമാണ് നിര്‍ദ്ദേശം. ടെണ്ടര്‍ നല്‍കിയ ശേഷം പ്ലാനില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടത് പദ്ധതി സ്തംഭിക്കാന്‍ വഴിയൊരുക്കുമോയെന്ന് ആശങ്കയുണ്ട്.

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള 123 കോടിയുടെ നവീകരണ പദ്ധതിക്ക് കഴിഞ്ഞ ജനുവരിയിലാണ് റെയില്‍വേ മന്ത്രാലയം കെ റെയില്‍ കോര്‍പ്പറേഷന് കരാര്‍ നല്‍കിയത്. ഇതിന്റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയാണ് റെയില്‍വേയുടെ ഇടപെടല്‍. മാസ്റ്റര്‍ പ്ലാനില്‍ അടിമുടി തിരുത്തല്‍ വേണമെന്നാണ് പദ്ധതിക്ക് ടെണ്ടര്‍ നല്‍കിയ ശേഷം റെയില്‍വേ ആവശ്യപ്പെടുന്നത്.

റെയില്‍വേ തന്നെ തയ്യാറാക്കിയ നിലവിലെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം വര്‍ക്കല മൈതാന്‍ റോഡില്‍ നിന്ന് പ്രധാന പ്രവേശന കവാടവും ശിവഗിരി മഠത്തിന്റെ ഭാഗത്ത് രണ്ടാം കവാടവുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ശിവഗിരി മഠം ഭാഗത്തുള്ള രണ്ടാം ഗേറ്റ് ഒഴിവാക്കാനാണ് ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശം. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഫെബ്രുവരിയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്ന് കത്തില്‍ പറയുന്നു. ശിവഗിരി മഠം ഭാഗത്തെ ഗേറ്റ് ഒഴിവാക്കിയുള്ള നവീകരണം ശിവഗിരി ആശ്രമം, വര്‍ക്കല ടണല്‍, എസ്എന്‍ കോളേജ്, നഴ്‌സിംഗ് കോളേജ് ഭാഗങ്ങളിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. റെയില്‍വേ തന്നെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കരാര്‍ നല്‍കിയ ശേഷം അസാധാരണമായി തിരുത്താന്‍ നിര്‍ദ്ദേശിച്ചത് പദ്ധതി ചെലവ് വെട്ടി ചുരുക്കാന്‍ വേണ്ടിയാണോയെന്ന സംശയം ഉയര്‍ന്നു കഴിഞ്ഞൂ.

Top