ദുബായ്: യുഎഇയിൽ സന്ദർശക വീസയിലെത്തുന്നവർക്ക് സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) തുക ഇനി തിരികെ ലഭിക്കും. വാറ്റ് റീഫണ്ട് ലഭിക്കാൻ അർഹതയുള്ളവരാണോ നിങ്ങൾ എന്നതും നിർബന്ധമാണ്.
ഇക്കാര്യങ്ങൾ പരിശോധിക്കൂ..
- യുഎഇയിൽ താമസ വീസയുളളവരാകരുത്.
- വിമാനകമ്പനിയുടെ ജീവനക്കാരനായി യുഎഇയിലെത്തി മടങ്ങുന്നവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.
- 18 വയസ്സിന് മുകളിലുളളവരായിരിക്കണം.
- സാധനങ്ങൾ വാങ്ങിക്കുന്ന കടകൾ യുഎഇയുടെ വാറ്റ് റീഫണ്ട് പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം. ഷോപ്പിങ്
നടത്തുന്നതിന് മുൻപ് ഇക്കാര്യം ചോദിച്ച് മനസ്സിലാക്കാം. - സാധനങ്ങൾ വാങ്ങി 90 ദിവസത്തിനുളളിലാണെങ്കിൽ മാത്രമെ റീഫണ്ട് ആനുകൂല്യം ലഭിക്കുകയുളളൂ.
- റീഫണ്ടിന് അപേക്ഷിക്കുന്ന സാധനങ്ങൾ കൈവശമുണ്ടായിരിക്കണം.
യുഎഇയിൽ പ്ലാനറ്റ് എന്ന സ്ഥാപനമാണ് വാറ്റ് റീഫണ്ട് നടപടിക്രമങ്ങൾ ചെയ്യുന്നത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കരഅതിർത്തികളിലുമെല്ലാം ഇതിനായുളള കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇനി, സാധനങ്ങൾ വാങ്ങിയ ബില്ലുകൾ ഇല്ലെങ്കിലും ഈ തുക തിരിച്ചുകിട്ടാൻ വഴിയുണ്ട്. കാരണം യുഎഇയിലെ മിക്ക ഔട്ട്ലെറ്റുകളിലും ഇപ്പോൾ പേപ്പർബില്ലുകൾ നൽകുന്നില്ല.
മെയിൽ ഐഡികളിലേക്ക് അല്ലെങ്കിൽ എസ്‍എംഎസ് ഇ- കോപ്പിയായി ബില്ല് അയക്കുകയാണ് ചെയ്യുന്നത്. 2018 മുതൽ നിലവിലുണ്ടെങ്കിലും 2022 ലാണ് യുഎഇയിലെ ഫെഡറൽ ടാക്സ് അതോറിറ്റി പൂർണമായും ഡിജിറ്റലായി വാറ്റ് തുക തിരിച്ചുനൽകുന്ന രീതി ആരംഭിച്ചത്. രാജ്യത്തെത്തുന്ന സന്ദർശകർക്ക് വാറ്റ് റീഫണ്ട് എളുപ്പമാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്. വിവിധ റീട്ടെയ്ൽ ഷോപ്പുകൾ ഇതിനോട് പൂർണമായും സഹകരിച്ചു.
പേപ്പറില്ലാ വാറ്റ് റീഫണ്ട് എങ്ങനെ?
സാധനങ്ങൾ വാങ്ങുമ്പോൾ അതത് കടയിലുളള നിയുക്തവ്യക്തിയോട് വാറ്റ് ഒഴിവാക്കുന്നതിനായി പാസ്പോർട്ട് വിവരങ്ങൾ ചേർക്കാൻ ആവശ്യപ്പെടാം. ഇതിനായി പാസ്പോർട്ട് നമ്പറും ഒപ്പം മൊബൈൽ നമ്പറും ഡിജിറ്റൽ ടാക്സ് ഫ്രീ സിസ്റ്റത്തിൽ ചേർക്കും. ഇതോടെ എസ് എം എസ് ആയി ടാക്സ് ഇൻവോയ്സും ഒപ്പം ടാക്സ് ഫ്രീ ടാഗും ലഭിക്കും. വാറ്റ് റീഫണ്ട് ലഭിക്കണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 250 ദിർഹത്തിന്റെ ഷോപ്പിങ് നടത്തിയിരിക്കണം.
അതേസമയം തന്നെ ചില സ്ഥാപനങ്ങൾ ഇപ്പോഴും പേപ്പർ ബില്ലുകൾ തന്നെ നൽകാറുണ്ട്. അങ്ങനെയെങ്കിൽ ഈ ബില്ലും, കൂടെ പ്ലാനറ്റ് ടാക്സ് ഫ്രീ ടാഗും കരുതണം. വിമാനത്താവളങ്ങൾ ഉൾപ്പടെയുളള എക്സിറ്റ് പോയിന്റുകളിലുളള കേന്ദ്രങ്ങളിൽ ബില്ലും ഒപ്പം ടാഗും നൽകണം. ടാക്സ് ഫ്രീ ടാഗിലുളള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ പ്ലാനറ്റ് ഷോപ്പർ പോർട്ടലിൽ കയറാം. ടാക്സ് ഫ്രീയായി സാധനങ്ങൾ വാങ്ങിയതിന്റെ വിശദാംശങ്ങൾ ഇവിടെ ലഭ്യമാകും. വാറ്റ് റീഫണ്ട് പൂർത്തിയാക്കേണ്ട വിവിധ ഘട്ടങ്ങളെകുറിച്ച് ഇതിലൂടെ മനസിലാക്കാം.
എങ്ങനെ വാറ്റ് റീഫണ്ട് ആവശ്യപ്പെടാം
- ലഗേജ് ചെക്കിങിന് മുൻപ് എല്ലാ ബില്ലുകളും സാധനങ്ങളും വിമാനത്താവളങ്ങളിലോ ലാൻഡ് പോർട്ടുകളിലോ ഉളള വാറ്റ് റീഫണ്ട് കേന്ദ്രങ്ങളിൽ നൽകണം. പാസ്പോർട്ട് അവിടെയുളള നിയുക്ത വ്യക്തിക്ക് നൽകാം.
- സ്വയം സേവന കിയോസ്കുകളിലാണെങ്കിൽ ആദ്യം പാസ്പോർട്ട് അല്ലെങ്കിൽ ജിസിസി ഐഡി സ്കാൻ ചെയ്യാം. അല്ലെങ്കിൽ പാസ്പോർട്ട് നമ്പർ ടൈപ്പ് ചെയ്ത് നൽകാം. തുടർന്ന് വരുന്ന നിർദ്ദേശങ്ങൾ പാലിക്കാം. തുടർച്ച് പച്ച വെളിച്ചമാണ് തെളിയുന്നതെങ്കിൽ സ്കാനിങ് പൂർത്തിയായെന്നാണ് മനസിലാക്കേണ്ടത്. ചുവപ്പുവെളിച്ചമാണ് തെളിയുന്നതെങ്കിൽ കേന്ദ്രത്തിലുളള നിയുക്ത വ്യക്തിയുടെ സഹായം തേടാം.
- സ്കാനിങ് പൂർത്തിയായാൽ ഏത് തരത്തിലാണ് വാറ്റ് തുക തിരിച്ചുവേണ്ടതെന്ന് തീരുമാനിക്കാം. ക്രെഡിറ്റ്-ഡെബിറ്റ് കാർഡ്, പണം, ഡിജിറ്റൽ വാലറ്റ് തുടങ്ങിയ വിവിധ രീതിയിൽ പണം കൈപ്പറ്റാം.
യുഎഇയിലെ വാറ്റ് റീഫണ്ട് കേന്ദ്രങ്ങൾ
വാറ്റ് തുക തിരിച്ചുകിട്ടുന്നതിനായി വിമാനത്താവളങ്ങളിലോ ലാൻഡ് പോർട്ടുകളിലോ ലഗേജ് നൽകുന്നതിന് മുൻപ് പ്ലാനറ്റ് വാറ്റ് റീഫണ്ട് കേന്ദ്രങ്ങളിലെത്തണം. ഏതെങ്കിലും തരത്തിൽ പരിശോധന ആവശ്യമാണെങ്കിൽ ചെയ്യുന്നതിനായാണ് ലഗേജ് നൽകുന്നതിന് എത്തണമെന്ന് ആവശ്യപ്പെടുന്നത്.
വിമാനത്താവളങ്ങൾ
- സയീദ് ഇന്റർനാഷനൽ വിമാനത്താവളം
- ദുബായ് വിമാനത്താവളം (ടെർമിനൽ 1,2,3)
- അൽ മക്തൂം വിമാനത്താവളം
- ഷാർജ വിമാനത്താവളം
- അലൈൻ വിമാനത്താവളം
- റാസൽ ഖൈമ വിമാനത്താവളം
- അൽ ഫുജൈറ വിമാനത്താവളം
കര അതിർത്തികൾ (ലാൻഡ് ബോർഡറുകൾ)
- അൽ ഖുവൈഫാത്ത് ( സൗദി അറേബ്യ ബോർഡർ)
- അൽ ഹിലി അലൈൻ (ഒമാൻ ബോർഡർ)
- അൽ മദീഫ്,അലൈൻ ( ഒമാൻ ബോർഡർ)
- ഹത്ത (ഒമാൻ ബോർഡർ)
- ഖത്മത് മലാഹ (ഒമാൻ ബോർഡർ)
തുറമുഖങ്ങൾ
- പോർട്ട് സയീദ് (അബുദബി)
- പോർട്ട് റാഷിദ് ( ദുബായ്)
- ഫുജൈറ പോർട്ട് (ഫുജൈറ)