കാസര്‍കോട്: കഴിഞ്ഞ മുപ്പത് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരേ കാര്യമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയ്ക്ക് എന്താണ് പറ്റിയത്? രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു കൊണ്ടേയിരിക്കുന്നു. ഏത് ലോകത്താണ് മുഖ്യമന്ത്രി ജീവിക്കുന്നത്? മുഖ്യമന്ത്രി ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതിന്റെ പ്രശ്‌നമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളം വലിയ അപകടത്തിലേക്ക് പോകുകയാണ്. എന്നിട്ടും മുഖ്യമന്ത്രി ഇത് ഒന്നും ഓര്‍ക്കുന്നില്ല. എല്ലാ വകുപ്പും തകര്‍ന്നു തരിപ്പണമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിയാസ് മൗലവിയുടെ കൊലപാതകം അന്വേഷിച്ചത് ശരിയായില്ല. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണം എന്ന് പറഞ്ഞിട്ടും എന്ത് നടപടി എടുത്തു? പൊലീസ് നന്നായി അന്വേഷിച്ചു എന്ന് പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷനും അന്വേഷണ സംഘവും ഒത്തു കളിച്ചു. അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലിട്ട മുഖ്യമന്ത്രി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ യുഎപിഎ ചുമത്താന്‍ മടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി ഇന്നും വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ രാഹുല്‍ വന്ന് മത്സരിക്കുന്നത് ആരോടാണ്? കേരളത്തിലെ പ്രധാന ശക്തി എല്‍ഡിഎഫ് ആണെന്നിരിക്കെ ബിജെപിയെ നേരിടാനാണ് രാഹുല്‍ വയനാട്ടിലേക്ക് വന്നതെന്ന് പറയാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആനിരാജയാണ് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മണിപ്പൂര്‍ വിഷയത്തില്‍ ആനി രാജയെ രാജ്യദ്രോഹിയായാണ് മുദ്രകുത്തിയത്. ആനി രാജയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലെ അനൗചിത്യം രാജ്യമാകെ ചര്‍ച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു.