കണ്ണൂര്‍: പിപി ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷത്തിന്റെ ആരോപണം മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എന്തിനാണ് പിപി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതെന്ന തെറ്റായ വാദം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ദിവ്യയെ രക്ഷപെടുത്താനുള്ള മുഴുവന്‍ ശ്രമങ്ങളും നടത്തി. നവീന്‍ ബാബുവിനെ അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ത്ത്, അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയതിന്റെ പേരിലുള്ള ആദര്‍ശത്തിന്റെ പരിവേഷം കൂടി ദിവ്യയ്ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ സിപിഐഎം ശ്രമിച്ചു. അതില്‍ ദയനീയമായി പരാജയപ്പെട്ടു വിഡി സതീശന്‍ വ്യക്തമാക്കി.
Also Read : ദിവ്യ ഒളിവില്‍ കഴിയവേ രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി
വ്യാജ ഒപ്പാണെന്ന് മാധ്യമങ്ങള്‍ തെളിയിച്ചതോടെ നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് താറടിക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യം നിരസിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തു എന്ന് പറഞ്ഞാല്‍ അത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് തന്നെയാണ്. ദിവ്യ എവിടെയെന്ന് പോലീസിന് നേരത്തെ അറിയുമായിരുന്നു. ദിവ്യയുടെ അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം. ഒരു കുടുംബത്തിന് നീതി കൊടുക്കാന്‍ കഴിയാത്ത ആളാണ് മുഖ്യമന്ത്രി വിഡി സതീശന്‍ വിമര്‍ശിച്ചു.
ദിവ്യ വിഐപി പ്രതിയായതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കാതെ പോയതെന്ന് വിഡി സതീശന്‍ പരിഹസിച്ചു. സാധാരണ കേസില്‍ കോടതി നോട്ട് ടു അറസ്റ്റ് എന്ന് മുന്‍കൂര്‍ ജാമ്യ അപേക്ഷ കേള്‍ക്കുമ്പോള്‍ തന്നെ പറയാറുണ്ട്. അങ്ങനെ ഈ കേസില്‍ പറഞ്ഞിട്ടില്ല. എന്നിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമാണ് അദ്ദേഹം വ്യക്തമാക്കി.