സെപ്റ്റംബര്‍ വരെ നിപ പ്രതിരോധം ശക്തമാക്കും; പ്രത്യേക കലണ്ടര്‍ തയാറാക്കുമെന്ന് വീണ ജോര്‍ജ്

സെപ്റ്റംബര്‍ വരെ നിപ പ്രതിരോധം ശക്തമാക്കും; പ്രത്യേക കലണ്ടര്‍ തയാറാക്കുമെന്ന് വീണ ജോര്‍ജ്
സെപ്റ്റംബര്‍ വരെ നിപ പ്രതിരോധം ശക്തമാക്കും; പ്രത്യേക കലണ്ടര്‍ തയാറാക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഈ ജില്ലകളില്‍ സെപ്റ്റംബര്‍ മാസം വരെ കാമ്പയിന്‍ അടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

Top