CMDRF

തൊട്ടാല്‍ പൊള്ളും “പച്ചക്കറി”

തൊട്ടാല്‍ പൊള്ളും “പച്ചക്കറി”
തൊട്ടാല്‍ പൊള്ളും “പച്ചക്കറി”

ഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആവര്‍ത്തിച്ചു വരുന്ന പച്ചക്കറി വില കയറ്റം, ഈ വര്‍ഷവും മാറ്റമില്ലാതെ തുടരുകയാണ്. ട്രോളിങ് നിരോധനം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. ഒറ്റ ദിവസം കൊണ്ടാണ് 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 100ലേക്ക് എത്തിയത് , ബീന്‍സ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നു. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോഴത് 25 രൂപയായി ഉയര്‍ന്നു. 25രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില ഇനിയും കൂടും. കൂടാതെ ധാന്യവര്‍ഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയില്‍ 190 രൂപ വരെ വിലയെത്തി. വിലക്കയറ്റത്തില്‍ വലഞ്ഞിരിക്കുകയാണ് മലയാളികള്‍.

മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയ്ക്കും കുത്തനെ വില ഉയര്‍ന്നത്. തമിഴ്നാട് – കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞു. കാലവര്‍ഷം കൂടി എത്തിയതോടെ പച്ചക്കറി ഉല്‍പാദനത്തിലും വലിയ കുറവുണ്ടായി. രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോഴത്തെ വില. ഇതിനിടയില്‍ പൂഴ്ത്തി വെയ്പ്പ് നടത്തി അമിത വില ഈടാക്കുന്ന കച്ചവടക്കാരും ആളുകളെ മുതലെടുക്കുന്നു. പച്ചക്കറി, ധാന്യവര്‍ഗങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാരന്റെ ദൈനംദിന കുടുംബ ബജറ്റിനെയും താളം തെറ്റിച്ചു. രണ്ട് ആഴ്ച കൂടി വിലക്കയറ്റം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ഹോര്‍ട്ടിക്കോര്‍പ്പും സര്‍ക്കാരും. അതേസമയം, ഈ വിലയില്‍ നിന്നും പത്ത് മുതല്‍ പതിനഞ്ച് രൂപ വരെ കൂട്ടിയാണ് ചെറുകിട കച്ചവടക്കാര്‍ വില്‍ക്കുന്നത്. രണ്ടു മാസം കഴിഞ്ഞാല്‍ ഓണം ആണ് വരുന്നത്. സാധാരണയായി ഓണത്തിന് പച്ചക്കറിക്ക് തീ പിടിച്ച വിലയായിരിക്കും. ഇപ്പോള്‍ തന്നെ കൈ പൊളളുന്ന തരത്തില്‍ വിലക്കയറ്റം ഉണ്ടായാല്‍ ഓണത്തിന് പച്ചക്കറി കൂടി സദ്യ കഴിക്കാം എന്നത് മലയാളികള്‍ക്ക് വെറും വ്യാമോഹം മാത്രമായി പോവാം.

Top