വാഹനക്കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഇന്ത്യ; ആഭ്യന്തര വില്‍പ്പനയില്‍ മൂന്ന് ശതമാനം വളര്‍ച്ച

വാഹനക്കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഇന്ത്യ; ആഭ്യന്തര വില്‍പ്പനയില്‍ മൂന്ന് ശതമാനം വളര്‍ച്ച
വാഹനക്കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഇന്ത്യ; ആഭ്യന്തര വില്‍പ്പനയില്‍ മൂന്ന് ശതമാനം വളര്‍ച്ച

യാത്രാവാഹനങ്ങളുടെ കയറ്റുന്നതിയില്‍ രാജ്യം 15.5 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. 2024 ഏപ്രില്‍-ജൂണ്‍ പാദത്തിലെ കണക്കുകളാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതേ കാലയളവില്‍ 10.32 ലക്ഷം യൂണിറ്റായിരുന്നു നേട്ടം. ഇന്ത്യയില്‍നിന്നുള്ള വാഹനക്കയറ്റുമതി 1.52 ലക്ഷം യൂണിറ്റില്‍നിന്ന് 1.80 ലക്ഷം യൂണിറ്റായാണ് ഉയര്‍ന്നത്. 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു മാസംകൊണ്ട് 69,962 മാരുതി സുസുക്കി കാറുകള്‍ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മാരുതിയുടെ കയറ്റുമതി 62,857 യൂണിറ്റായിരുന്നു. 7,91,316 യൂണിറ്റില്‍നിന്ന് 9,23,148 യൂണിറ്റായായി ഇരുചക്രവാഹന കയറ്റുമതി ഉയരുകയും 17 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തു.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ കയറ്റുമതി 35,100 യൂണിറ്റില്‍നിന്ന് 42,600 യൂണിറ്റായി വര്‍ധിച്ചു. വാണിജ്യ വാഹനങ്ങളുടേത് എട്ട് ശതമാനം ഉയര്‍ന്ന് 15,741 യൂണിറ്റിലെത്തി. കാറുകളുടെ കയറ്റുമതിയില്‍ 19 ശതമാനത്തില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ആഭ്യന്തര വില്‍പ്പനയില്‍ മൂന്ന് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 10.26 ലക്ഷം കാറുകളാണ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനവളര്‍ച്ചയാണ് നേട്ടമായത്. എസ്.യു.വി. വിഭാഗത്തില്‍ 18 ശതമാനമാണ് വില്‍പ്പനവളര്‍ച്ച. എന്നാല്‍, ചെറുകാറുകളുടെ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ വാഹനവിപണിക്ക് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മുച്ചക്ര വാഹനങ്ങളുടെ മുന്‍ വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 73,360 മുച്ചക്ര വാഹനങ്ങള്‍ കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഇത് 71,281 ആയി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍നിന്നുള്ള വാഹന കയറ്റുമതി 45 ലക്ഷം യൂണിറ്റായി താഴ്ന്നിരുന്നു. മുന്‍വര്‍ഷം 47.61 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്ത സ്ഥാനത്താണ് ഇത്. ആദ്യപാദത്തില്‍ എല്ലാവിഭാഗത്തിലുമായി 75.49 ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിയതായാണ് കണക്ക്. കയറ്റുമതിയില്‍ 40.2 ശതമാനം വിഹിതവും എസ്.യു.വി.കളുടേതാണ്. ഇരുചക്രവാഹനവില്പനയില്‍ 20.4 ശതമാനമാണ് വളര്‍ച്ച. 49.85 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വിപണിയിലിറക്കിയത്. സ്‌കൂട്ടര്‍ വില്പനയില്‍ മാത്രം 28.2 ശതമാനം വര്‍ധന രേഖപ്പെടുത്തി.

Top