കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിന്റ പശ്ചാത്തലത്തിൽ നവോത്ഥാന സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. വെള്ളാപ്പള്ളി സാമുദായിക സൗഹാർദ്ദം തകർക്കുകയാണെന്നും സംഘടന ആരോപിച്ചു. വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധവും സാമുദായിക സൗഹാർദം തകർക്കുന്നതുമായ പ്രസ്താവനയ്ക്കെതിരെ നേരത്തെ മുജാഹിദ് നേതാവായ ഹുസ്സൈൻ മടവൂർ കേരള നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. അതിനാൽ നവോത്ഥാന സമിതിയുമായി സഹകരിക്കില്ലെന്നാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ തീരുമാനം.
ഇന്നലെ പത്തനംതിട്ടയിൽ ചേർന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ യോഗത്തിലാണ് സുപ്രധാന തീരുമാനം. വസ്തുതാവിരുദ്ധവും ജനങ്ങൾക്കിടയിൽ ഭിന്നത പടർത്തുന്നതുമായ പ്രസ്താവനകൾ വെള്ളാപ്പള്ളി നടേശൻ നിരന്തരം നടത്തുമ്പോഴും സർക്കാർ മൗനം പാലിക്കുകയാണ് എന്ന് സംഘടന കുറ്റപ്പെടുത്തി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയിലെ മൂന്ന് അംഗങ്ങളാണ് നവോത്ഥാന സമിതിയിലുള്ളത്. ജനറൽ സെക്രട്ടറിമാരായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെപി മുഹമ്മദ്, സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവരാണ് നവോത്ഥാന സമിതി യോഗങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്നത്.